പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും വിഷരഹിത പച്ചക്കറി ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുമായി സംസ്ഥാനത്തെ നഗരങ്ങളിലും നഗര പ്രാന്ത പ്രദേശങ്ങളിലും ഭൂരഹിത കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചര്‍ റിസര്‍ച്ചിന്റെ (ഐ.സി.എ.ആര്‍.) സാങ്കേതിക സഹായത്തോടെ സംസ്ഥാന കൃഷിവകുപ്പ് – സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍-കേരള മുഖേന രാഷ്ട്രീയ കൃഷി വികാസ് യോജന എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് വെര്‍ട്ടിക്കല്‍ മാതൃകയില്‍ പച്ചക്കറി കൃഷി നടപ്പിലാക്കുവാന്‍ ലക്ഷ്യമിടുന്നു.

ഒരു സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയില്‍ സ്ഥാപിക്കുവാന്‍ കഴിയുന്ന 4 അടുക്കുകളുള്ള അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ സ്ട്രക്ച്ചറിനൊപ്പം 16 ചെടിച്ചട്ടികള്‍, 80 കിലോഗ്രാം പരിപോഷിപ്പിച്ച നടീല്‍ മാധ്യമം (ചകിരിച്ചോര്‍), ചീര, മുളക്, പാലക്ക്, മല്ലി, കത്തിരി, തക്കാളി തുടങ്ങിയ വിളകളുടെ വിത്ത്, സസ്യ പോഷണ-സംരക്ഷണ പദാര്‍ത്ഥങ്ങള്‍, 25 ലിറ്റര്‍ സംഭരണശേഷിയുള്ള തുള്ളിനന സൗകര്യം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ചക്രങ്ങള്‍ ഘടിപ്പിച്ചിട്ടുള്ളതിനാല്‍ സൂര്യപ്രകാശ ലഭ്യതയ്ക്കനുസരിച്ച് സ്ഥാനം മാറ്റാം.

22100/- രൂപ ആകെ ചെലവ് വരുന്ന ഒരു യൂണിറ്റ് അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ 10525/- രൂപ ധനസഹായത്തോടെയാണ് സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുക. www.shm.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഗുണഭോക്തൃവിഹിതമായ 11575/- രൂപ അപേക്ഷയോടൊപ്പം ഓണ്‍ലൈനായി മുന്‍കൂര്‍ അടയ്‌ക്കേണ്ടതാണ് .

കൂടുതല്‍ വിവരങ്ങള്‍ക്ക്

സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍-കേരള
യൂണിവേഴ്‌സിറ്റി പി.ഒ., പാളയം, തിരുവനന്തപുരം
ഫോണ്‍- 0471 2330857, 9188954089
വെബ്: www.shm.kerala.gov.in