ആലപ്പുഴ: പ്രളയക്കെടുതിയിൽ ആശ്വാസമേകി അയർലണ്ട് മലയാളികളും. അയർലണ്ട് വാട്ടർഫോർഡ് മലയാളി അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 ലക്ഷം രൂപയ്ക്ക് തുല്യമായ ‘യൂറോ’ സംഭാവന നൽകി. 11,380 യൂറോയാണ് ഇന്നലെ ആലപ്പുഴ കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ പൊതുമരാമത്തു മന്ത്രി ജി. സുധാകരൻ ഏറ്റുവാങ്ങിയത്. കുട്ടനാടിന്റെ ദുരിതങ്ങൾ അനുഭവത്തിൽ ഏറ്റുവാങ്ങിയ രണ്ടുപേരെയാണ് സംഘടന തുക ഏൽപ്പിക്കുന്നതിന് നിയോഗിച്ചത് എന്നത് മറ്റൊരു പ്രത്യേകതയായി. സംഘടനയുടെ ട്രഷറർ ആയ കൈനകരി സ്വദേശി സാബു ഐസക്ക്, വർക്കിംഗ് മെമ്പറായ പള്ളിക്കൂട്ടുമ്മ ജിജോ തങ്കച്ചൻ എന്നിവർ ചേർന്നാണ് മന്ത്രിക്ക് തുക കൈമാറിയത്. സംഘടനയുടെ പ്രസിഡണ്ട് ജോർജ്ജ് വർഗീസ് കോട്ടയം സ്വദേശിയാണ്. കേരളത്തിൽ ഉണ്ടായ മഹാപ്രളയത്തിൽ അയർലണ്ട് മലയാളികൾ തങ്ങളാലാവുന്ന സംഭാവനകൾ നൽകിയതായി ഭാരവാഹികൾ പറഞ്ഞു. വാട്ടർഫോർഡ് മലയാളി അസോസിയേഷനിൽ 125 കുടുംബങ്ങളാണ് ഉള്ളത്. മലയാളികളെക്കൂടാതെ തമിഴ്അൻപൻ എന്ന തമിഴ് കൂട്ടായ്മയും സംഭാവന നൽകി. സാബു പത്തു വർഷത്തിനു മുകളിലായി അയർലണ്ടിലാണ.് ജിജോ നാലുവർഷമായി അയർലണ്ടിൽ എത്തിയിട്ട്. ഓണാഘോഷവും പെരുന്നാളും മറ്റ് ആഘോഷങ്ങളും എല്ലാം അയർലണ്ട് മലയാളികൾ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ചു. സ്വന്തം നാടിനായി തങ്ങളാലായത് നൽകാൻ ഇനിയും ശ്രമിക്കുമെന്നും അവർ പറഞ്ഞു. ചടങ്ങിൽ ജില്ല കളക്ടർ എസ്. സുഹാസ്, ജില്ല പോലീസ് മേധാവി എസ്. സുരേന്ദ്രൻ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
