വയനാട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാമ്പത്തിക സഹായം സ്വരൂപിക്കുന്നതിന് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ സെപ്തംബര്‍ ഏഴിന് രാവിലെ 10ന് ആസൂത്രണഭവനില്‍ യോഗം ചേരും. സാമ്പത്തിക സഹായം നല്‍കാന്‍ താല്‍പര്യമുളള സ്ഥാപനങ്ങള്‍, വ്യക്തികള്‍, സംഘടനകള്‍ തുടങ്ങിയവര്‍ക്ക് യോഗത്തില്‍ പങ്കെടുക്കാം. സെപ്തംബര്‍ 10 മുതല്‍ 15 വരെ ജില്ലയില്‍ നടക്കുന്ന സാമ്പത്തിക സമാഹരണ യഞ്ജത്തിന്റെ ഭാഗമായാണ് യോഗം. മതാധ്യക്ഷന്‍മാര്‍, വ്യാപാരി വ്യവസായികള്‍, റിസോര്‍ട്ട് ഉടമകള്‍,പ്രൈവറ്റ് ബാങ്കുടമകള്‍, ആരോഗ്യ,വിദ്യാഭ്യാസ സ്ഥാപന ഉടമകള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാകളക്ടര്‍ അഭ്യര്‍ത്ഥിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വി.വേണു,ജില്ലാ പൊലിസ് മേധാവി കറപ്പസാമി, എ.ഡി.എം കെ.അജീഷ്, സബ്കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.