വയനാട്: സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ആഗ്രഹമില്ലാത്തവരായി ആരും തന്നെയില്ലെങ്കിലും തിരക്കുകളുടെ ഓട്ടപ്പാച്ചിലുകള്‍ക്കിടയില്‍ നാം ശ്രദ്ധിക്കാതെ, ഓര്‍ക്കാതെ പോകുന്ന ഒരു വിഭാഗമാണ് എന്നും അനാഥരും അഗതികളും. തന്റെ ജീവിതം മറ്റൊരാള്‍ക്ക് ആശ്രയമാകണമെന്നാഗ്രഹിക്കുമ്പോഴും നിരാശ്രയരായി അനാഥാലയങ്ങളിലും അഗതിമന്ദിരങ്ങളിലും ഒതുങ്ങിക്കഴിയുകയാണ് അവരില്‍ മിക്കവരും. അവരുടെ ജീവിതത്തിലേക്കുള്ള കരുതലാണ് ഓരോ അഗതി ദിനങ്ങളും. അഗതികളുടെ അമ്മയായ മദര്‍ തെരേസയുടെ ചരമദിനമായ ആഗസ്റ്റ് 26 ആണ് അഗതി ദിനമായി ആചരിക്കുന്നുതെന്ന പ്രത്യേകതയുമുണ്ട്. ജന്മംകൊണ്ട് അല്‍ബേനിയനും പൗരത്വം കൊണ്ട് ഇന്ത്യനും ജീവിതം കൊണ്ട് കത്തോലിക്ക സന്യാസിനിയുമാണ് മദര്‍ തെരേസ. ലോകമെങ്ങും ആദരിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യുന്ന ധീരവനിത.
പ്രളയത്തെ തുടര്‍ന്നു മാറ്റിവച്ച ദിനാചരണം സെപ്തംബര്‍ അഞ്ചിന് മുന്‍വര്‍ഷങ്ങളെ പോലെതന്നെ ഈ വര്‍ഷവും സാമൂഹ്യ വകുപ്പിന്റെ നേതൃത്വത്തില്‍ അനാഥ – അഗതി ദിനമായി ആചരിച്ചു. പള്ളിക്കുന്ന് ഫാത്തിമാ ഭവന്‍ ഓള്‍ഡേജ് ഹോമില്‍ നടത്തിയ ജില്ലാതല ദിനാചരണം കളക്ടര്‍ എ.ആര്‍ അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം പി. ഇസ്മയില്‍ അദ്ധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ഉദ്ഘാടനം ചെയ്തു. മദര്‍ തെരേസയുടെ സന്ദേശങ്ങളുടെ കാലികപ്രസക്തി എന്ന വിഷയത്തില്‍ ജില്ലാ പ്രൊബേഷന്‍ ഓഫിസര്‍ അഷ്‌റഫ് കാവില്‍ പ്രഭാഷണം നടത്തി. പനമരം ഗ്രാമപഞ്ചായത്തിന്റെ ചുമതല വഹിക്കുന്ന ടി. മോഹനന്‍, പനമരം ബ്ലോക്ക് പഞ്ചായത്തംഗം പി. സഫിയ, ഗ്രാമപഞ്ചായത്തംഗം എം.കെ രാമചന്ദ്രന്‍, ജില്ലാതല ഐ.സി.ഡി.എസ് സെല്‍ പ്രോഗ്രാം ഓഫീസര്‍ കെ.എച്ച് ലെജീന, വി.സി സത്യന്‍, കാര്‍ത്തിക അന്ന തോമസ്, ജോണി പള്ളിത്താഴത്ത്, ഫാ. കെല്‍വിന്‍, പി ബാലചന്ദ്രന്‍, വിന്‍സെന്റ് ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. മദറിന്റെ ഫോട്ടോയില്‍ പുഷ്പാര്‍ച്ചന നടത്തുകയും വിവിധ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുത്തവര്‍ കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു.