വ്യവസായസംരംഭങ്ങളിലെ പരിശോധനകള്‍ സുതാര്യമാക്കാന്‍ കെ-സിസ്


സംസ്ഥാനത്ത് ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ആരംഭിച്ച കേന്ദ്രീകൃത പരിശോധനാ സംവിധാനം സംസ്ഥാനതലത്തില്‍ 10690 പരിശോധനകളുമായി മുന്നോട്ട്. വ്യവസായ സംരംഭങ്ങളിലെ വിവിധ പരിശോധനകള്‍ സുതാര്യമാക്കുന്നതിനായി 2021 ഓഗസ്റ്റിലാണ് കെ-സിസ് എന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വികസിപ്പിച്ചത്. അനാവശ്യ പരിശോധനകള്‍ വഴി ഒരു സംരംഭകനും ബുദ്ധിമുട്ടുണ്ടാകാന്‍ പാടില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉറച്ച തീരുമാനത്തിന്റെ അന്തിമ ഉല്‍പ്പന്നമാണ് കെ-സിസ് അഥവാ കേന്ദ്രീകൃത പരിശോധനാ സംവിധാനം. 502071 യൂണിറ്റുകളാണ് ഇതുവരെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിനു (കെ.എസ്.ഐ.ഡി.സി) കീഴിലാണ് കെ-സിസ് സംവിധാനം. സുതാര്യമായ ഓട്ടോമേറ്റഡ് പരിശോധനാ സംവിധാനം സംരംഭകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എ. നജീബ് പറഞ്ഞു.

വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനകള്‍ സുതാര്യമാക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ്, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ്, തൊഴില്‍ വകുപ്പ്, ലീഗല്‍ മെട്രോളജി വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നീ അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ചാണ് കെ-സിസ് പ്രവര്‍ത്തിക്കുന്നത്. ഫയര്‍ & റെസ്‌ക്യൂ, ഗ്രൗണ്ട് വാട്ടര്‍ അതോറിറ്റി, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് തുടങ്ങി കൂടുതല്‍ വകുപ്പുകളെയും പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തും.

സംരംഭം പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുന്‍പുള്ള പരിശോധന, പതിവ് പരിശോധന, പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തുന്ന പരിശോധന എന്നിവയെല്ലാം ഇപ്പോള്‍ ഈ സംവിധാനത്തിന് കീഴിലാണ്. പരിശോധനയുടെ ഷെഡ്യൂളും വെബ് പോര്‍ട്ടല്‍ സ്വയം തയ്യാറാക്കും. ഇതിന് പുറമെ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരെയും പോര്‍ട്ടല്‍ തന്നെ തിരഞ്ഞെടുക്കും.

ഒരു സ്ഥാപനത്തില്‍ ഒരേ ഇന്‍സ്‌പെക്ടര്‍ തുടര്‍ച്ചയായി രണ്ട് പരിശോധനകള്‍ നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്യും. സ്ഥാപനത്തിന് മുന്‍കൂട്ടി എസ്.എം.എസ് അല്ലെങ്കില്‍ ഇമെയില്‍ മുഖേന അറിയിപ്പ് നല്‍കിയായിരിക്കും കെ-സിസ് വഴിയുള്ള പരിശോധന. പരിശോധനക്ക് ശേഷം അത് സംബന്ധിച്ച റിപ്പോര്‍ട്ട് 48 മണിക്കൂറിനുള്ളില്‍ കെ – സിസ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കും. പൊതുജനങ്ങള്‍ക്ക് സംരംഭത്തെക്കുറിച്ച് പരാതികള്‍ അറിയിക്കുന്നതിനുളള സൗകര്യവും പോര്‍ട്ടലിലുണ്ട്. ഇത്തരം പരാതികളുടെ അടിസ്ഥാനത്തിലുള്ള പരിശോധനകള്‍ ബന്ധപ്പെട്ട വകുപ്പ് മേധാവിയുടെ അനുമതിയോടെ മാത്രമേ നടത്താവൂ.

ഡിപ്പാര്‍ട്ട്‌മെന്റ് ലോഗിന്‍, എന്റര്‍പ്രൈസ് ലോഗിന്‍, ജനറല്‍ പബ്ലിക് ലോഗിന്‍ എന്നീ മൂന്ന് ലോഗിനുകളാണ് പോര്‍ട്ടലില്‍ ഉള്ളത്. kcis.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് സംരംഭകര്‍ക്കും പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ലോഗിന്‍ ചെയ്യാം. പൂര്‍ണ്ണമായും ഓണ്‍ലൈനായാണ് നടപടിക്രമങ്ങള്‍ എന്നതിനാല്‍ പക്ഷപാതപരമായിട്ടുള്ള പരിശോധനകളോ നടപടികളോ ഉണ്ടാകുന്നില്ല.