കടല്‍ക്ഷോഭത്തില്‍ നിന്ന് ചെല്ലാനത്തിന് സംരക്ഷണം തീര്‍ക്കുന്ന ടെട്രാപോഡ് കടല്‍ഭിത്തി നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക്. 90 ശതമാനം പ്രവര്‍ത്തികളും പൂര്‍ത്തിയായി.

ചെല്ലാനം ഹാര്‍ബര്‍ മുതല്‍ പുത്തന്‍തോട് ബീച്ച് വരെയുള്ള 7.32 കിലോ മീറ്റര്‍ ദൂരത്തിലുള്ള ആദ്യഘട്ടമാണ് പൂര്‍ത്തിയാകുന്നത്. വാക് വേയുടെ നിര്‍മ്മാണവും ബസാര്‍ ഭാഗത്തെ 6 പുലിമുട്ടുകളുടെ നിര്‍മ്മാണവും പുരോഗമിക്കുന്നു. കണ്ണമാലി പ്രദേശം ഉള്‍പ്പെടുന്നതാണ് രണ്ടാംഘട്ടം.

പദ്ധതിക്കായി 2 ടണ്‍ ഭാരമുള്ള 60,982 ടെട്രാപോഡുകളും 3.5 ടണ്ണുള്ള 53,053 ടെട്രാപോഡുകളും 5 ടണ്ണുള്ള 7,602 ടെട്രാപോഡുകളുമാണ് വേണ്ടിവരുന്നത്. ഇതില്‍ 2 ടണ്ണിന്റെ 60,866, 3.5 ടണ്ണിന്റെ 51,725, അഞ്ച് ടണ്ണിന്റെ 4,436 ടെട്രാപോഡുകളും നിര്‍മ്മിച്ചു. ബാക്കിയുള്ളവയുടെ നിര്‍മ്മാണം അടുത്ത മാസം തന്നെ പൂര്‍ത്തിയാക്കുവാനാണ് ലക്ഷ്യമിടുന്നത്. നിർമ്മാണം പൂർത്തിയാക്കിയ പ്രദേശങ്ങളിൽ കടൽക്ഷോഭത്തെ പ്രതിരോധിക്കാനായി. മഴക്കാലത്ത് ആരെയും മാറ്റിപ്പാർപ്പിക്കേണ്ടിയും വന്നില്ല.

2022 ജനുവരി 25നാണ് ചെല്ലാനത്തേക്കുള്ള ടെട്രാപോഡുകളുടെ നിര്‍മ്മാണം ആരംഭിച്ചത്. 2022 ജൂണ്‍ 11ന് ടെട്രാപോഡ് ഉപയോഗിച്ചുള്ള കടല്‍ തീര സംരക്ഷണ പദ്ധതിയുടെയും പുലിമുട്ട് ശൃംഖലയുടെയും നിര്‍മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു.

ചെല്ലാനത്തെ രൂക്ഷമായ കടലാക്രമണം പ്രതിരോധിക്കുന്നതിന് കിഫ്ബി സഹായത്തോടെയാണ് ടെട്രാപോഡ് ഉപയോഗിച്ച് 344.20 കോടി രൂപയുടെ പദ്ധതി പ്രാവര്‍ത്തികമാക്കിയത്. ജലസേചന വകുപ്പിനുകീഴില്‍ ആന്റി സീ എറോഷന്‍ പ്രൊജക്റ്റ് മാനേജ്‌മെന്റ് യൂണിറ്റിന്റെ മേല്‍നോട്ടത്തില്‍ 331 കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ നിര്‍മാണം നിര്‍വഹണം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ്.

ചെന്നൈ ആസ്ഥാനമായ നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് നടത്തിയ പഠനത്തിന്റെയും തയ്യാറാക്കിയ രൂപരേഖയുടെയും അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ തീരസംരക്ഷണത്തിനായി നടപ്പാക്കപ്പെടുന്ന 5300 കോടി രൂപയുടെ ബൃഹദ് പദ്ധതിയുടെ ഭാഗമാണ് ചെല്ലാനം.