ഇന്ത്യയിലെ ഇസ്രായേല്‍ എംബസിയിലെ അഗ്രിക്കള്‍ച്ചറല്‍ അറ്റാഷെ യായര്‍ എഷേല്‍ കൃഷിവകുപ്പിന്റെ കീഴിലുള്ള മരട് കാര്‍ഷിക മൊത്ത വ്യാപാര വിപണി സന്ദര്‍ശിച്ചു. ഇന്‍ഡോ- ഇസ്രായേല്‍ അഗ്രിക്കള്‍ച്ചറല്‍ പ്രോജക്ടിന്റെ ഭാഗമായാണ് സന്ദര്‍ശനം നടത്തിയത്.

ഇന്ത്യ-ഇസ്രായേല്‍ സര്‍ക്കാരുകളുടെ സംയുക്ത സഹകരണത്തോടെ വിവിധ സംസ്ഥാനങ്ങളില്‍ സ്ഥാപിച്ചുവരുന്ന സെന്റര്‍ ഓഫ് എക്‌സലന്‍സ് പ്രോജെക്ടിനെക്കുറിച്ച് അറ്റാഷെ വിശദീകരിച്ചു. പ്രാദേശിക പ്രാധാന്യമുള്ള വിളകളുടെ നഴ്‌സറികള്‍, വിവിധ സാങ്കേതിക വിദ്യകളുടെ പ്രദര്‍ശന തോട്ടങ്ങള്‍, ഗ്രീന്‍ ഹൗസുകള്‍, ജലസേചന, ഫെര്‍ട്ടിഗേഷന്‍ മാര്‍ഗങ്ങള്‍, സുസ്ഥിര കൃഷി രീതികള്‍ തുടങ്ങി വിളവെടുപ്പിനു ശേഷമുള്ള പരിപാലന മുറകള്‍, സംസ്‌കരണ സാധ്യതകള്‍ എന്നിവയും ഈ മികവിന്റെ കേന്ദ്രങ്ങള്‍ വഴി കര്‍ഷകര്‍ക്ക് ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അറ്റാഷെ പറഞ്ഞു. കേരളത്തിന്റെ തനത് കാര്‍ഷികരീതികളില്‍ മാറ്റം വരുത്താതെ ഇസ്രയേല്‍ സാങ്കേതിക വിദ്യകള്‍ ഇവിടത്തെ കാര്‍ഷിക രീതിയുമായി സംയോജിപ്പിച്ച് നടപ്പാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സാങ്കേതിക വിദ്യകള്‍ ഇസ്രായേല്‍ ഗവണ്‍മെന്റില്‍ നിന്നും സാമ്പത്തിക സ്രോതസുകള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും സംയോജിപ്പിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഇത്തരത്തില്‍ സ്ഥാപിക്കുന്ന കേന്ദ്രങ്ങള്‍ കര്‍ഷകര്‍ക്ക് ഉല്പാദനോപാധികള്‍ ലഭ്യമാക്കുന്നതിനൊപ്പം സാങ്കേതിക വിദ്യകള്‍ മാര്‍ഗ്ഗ രേഖയായി സ്വീകരിച്ചു കൃഷി നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. മരട് കാര്‍ഷിക മൊത്ത വ്യാപാര വിപണിയുടെ കീഴിലുള്ള വിവിധ പ്രദേശങ്ങള്‍, മണ്ണ് പരിശോധനാ, അഗ്മാര്‍ക്ക് ലാബുകള്‍ എന്നിവയും അറ്റാഷെയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. ഇസ്രായേല്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് കോ-ഓപ്പറേഷന്‍ പ്രൊജക്റ്റ് ഓഫീസര്‍ ബ്രഹ്മദേവ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ രാജി ജോസ്, മരട് മാര്‍ക്കറ്റ് സെക്രട്ടറി ടി.ചിത്ര, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സെറിന്‍ ഫിലിപ്പ്, മാര്‍ക്കറ്റ് അസിസ്റ്റന്റ് സെക്രട്ടറി ചിത്ര.കെ.പിള്ള തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

പിറവം പാഴൂരില്‍ പ്രവര്‍ത്തിക്കുന്ന ലീനാസ് കൂണ്‍ ഉദ്്പാദനകേന്ദ്രവും സംഘം സന്ദര്‍ശിച്ചു. കൃഷി വകുപ്പിന്റെ സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചറല്‍ മിഷന്‍ പദ്ധതി പ്രകാരം എട്ട് ലക്ഷം രൂപയുടെ ധന സഹായത്തോടെ ആരംഭിച്ച ഹൈടെക് കൂണ്‍ കൃഷി ഫാമാണിത്. 4000 ചതുശ്ര അടി വിസ്തീര്‍ണമുള്ള ഫാമിന്റെ പ്രതിദിന ഉല്‍പാദനം 100 മുതല്‍ 125 കിലോയാണ്. മാസത്തില്‍ മൂന്നു ടണ്‍ കൂണ്‍ വിത്ത് ഉല്പാദിപ്പിക്കാനുള്ള ലാബ് സൗകര്യവും ഇവിടെയുണ്ട്. കൂണ്‍കൃഷി വിപുലമാക്കാനാവശ്യമായ ഇസ്രായേല്‍ സാങ്കേതിക വിദ്യ വാഗ്ദാനം നല്‍കിയാണ് സംഘം മടങ്ങിയത്. പിറവം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഏലിയാമ്മ ഫിലിപ്പ്, വാര്‍ഡ് കൗണ്‍സിലര്‍ സഞ്ജിനി, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി.ജി.സീന, കൃഷി ഓഫീസര്‍ ചന്ദന അശോക് എന്നിവര്‍ പങ്കെടുത്തു.

രാജ്യത്തെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ ഫാമായ ആലുവ ഫാമും അറ്റാഷേ സന്ദര്‍ശിച്ചു. ഫാമിന്റെ ദൈനംദിന കാര്‍ഷിക പ്രവര്‍ത്തികള്‍ ഫാം സൂപ്രണ്ട് ലിസിമോള്‍ ജെ വടക്കൂട്ട് വിശദീകരിച്ചു. സന്ദര്‍ശനത്തിന്റെ സ്മരണയ്ക്കായി ഫാമില്‍ നീല അമരിയുടെ തൈ അറ്റാഷെ നട്ടു. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ തോമസ് സാമുവല്‍ പങ്കെടുത്തു.

ഇന്ത്യയിലെ മുപ്പതോളം സെന്‍ട്രല്‍ ഓഫ് എക്‌സലന്‍സ് കേന്ദ്രങ്ങള്‍ 13 സംസ്ഥാനങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. കേരളമുള്‍പ്പടെ എട്ട് സംസ്ഥാനങ്ങളിലായി 15 കേന്ദ്രങ്ങള്‍കൂടി പുതുതായി ആരംഭിക്കും. ഇതിന്റെ ഭാഗമായി പദ്ധതി നടപ്പിലാക്കാനാവശ്യമായ സ്ഥല ലഭ്യത, കാലാവസ്ഥ, മണ്ണിന്റെ ഘടന, കൃഷിരീതികള്‍ എന്നിവ നേരില്‍ കണ്ടു മനസിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് അറ്റാഷെയും സംഘവും സന്ദര്‍ശനം നടത്തിയത്.