ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ പുക ശമിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതയിലേക്ക്. അന്തരീക്ഷത്തിലെ പുകയുടെ സാന്നിധ്യത്തിലും കുറവ് രേഖപ്പെടുത്തി.

ഏഴു സെക്ടറുകളില്‍ രണ്ടിടങ്ങളിലാണ് അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. മറ്റു മേഖലകളിലെ തീയും പുകയും പൂര്‍ണമായി ശമിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. രാവിലത്തെ അപേക്ഷിച്ച് അന്തരീക്ഷത്തിലെ പുകപടലത്തില്‍ വലിയ തോതിലുളള മാറ്റമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

നിലവില്‍ അഗ്‌നി രക്ഷാ സേനയുടെ 18 യൂണിറ്റുകളാണ് ദുരന്തമുഖത്തുള്ളത്. 98 സേനാംഗങ്ങള്‍ക്ക് പുറമേ 16 ഹോം ഗാര്‍ഡുകളും സിവില്‍ സിഫന്‍സ് സേനയിലെ 57 പേരും ബ്രഹ്‌മപുരത്തുണ്ട്. ആരോഗ്യ വകുപ്പിലെയും പൊലീസിലെയും നാല് പേര്‍ വീതമാണ് നിലവില്‍ പ്ലാന്റിലുള്ളത്.

തീ അണയ്ക്കുന്നതിനായി മൂന്ന് ഹൈ പ്രഷര്‍ പമ്പുകളും 22 എസ്‌കവേറ്ററുകളുമാണ് ഉപയോഗിക്കുന്നത്. എത്രയും വേഗം പൂര്‍ത്തിയാക്കുക എന്ന ഉദ്ദേശത്തോടെ ശക്തമായ രക്ഷാപ്രവര്‍ത്തനമാണ് അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തില്‍ നടന്നു വരുന്നത്.