പത്തനംതിട്ട: എലിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരേ ബോധവത്കരണ പ്രവര്‍ത്തനം ശക്തമാക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് നിര്‍ദേശിച്ചു. പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. അപ്പര്‍കുട്ടനാട്ടില്‍ വെള്ളം പൂര്‍ണമായി ഇറങ്ങാത്തത് ആരോഗ്യപ്രശ്‌നം സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. ദുരിതാശ്വാസ-ശുചീകരണ പ്രവര്‍ത്തനം നടത്തുന്നവര്‍ എലിപ്പനിക്കെതിരായ പ്രതിരോധ മരുന്ന് കഴിക്കണം. പ്രതിരോധ മരുന്നിന്റെ ലഭ്യത ഡിഎംഒ ഉറപ്പാക്കണം. പഞ്ചായത്ത് തലത്തില്‍ ആരോഗ്യവകുപ്പും തദ്ദേശഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും സഹകരിച്ച് രോഗപ്രതിരോധ-ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. ഡെങ്കിപ്പനിക്കെതിരേ പ്രതിരോധ നടപടികള്‍ ശക്തമാക്കണം. കൊതുകിന്റെ ഉറവിട നശീകരണം കൃത്യമായി നടത്തണം. തിരുവല്ല പൊടിയാടിയില്‍ റോഡിന്റെ വശം ഇടിഞ്ഞ് അപകടാവസ്ഥ ഉണ്ടായിട്ടുണ്ട്. ഇതിനു പരിഹാരം കാണണം. കിണര്‍ ജലം ഉപയോഗിക്കാന്‍ കഴിയാത്ത എല്ലാ സ്ഥലത്തും തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കുടിവെള്ള വിതരണം ഉറപ്പാക്കണം. വാട്ടര്‍ അതോറിറ്റിയുടെ പ്ലാങ്കമണ്‍ ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ വൈദ്യുതി കണക്ഷന്‍ കെഎസ്ഇബി ഉടന്‍ നല്‍കണം. റാന്നിയില്‍ റോഡുകളില്‍ കെട്ടി കിടക്കുന്ന ചെളി പൊതുമരാമത്ത് വകുപ്പ് ഉടന്‍ നീക്കം ചെയ്യണമെന്നും മന്ത്രി നിര്‍ദേശിച്ചു.  ആരോഗ്യപ്രവര്‍ത്തനങ്ങളില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ശക്തമാക്കുന്നതിന് ജനപ്രതിനിധികള്‍, തദ്ദേശഭരണസ്ഥാപന അധ്യക്ഷന്മാര്‍, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്മാര്‍, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍ എന്നിവരുടെ യോഗം എട്ടിന് ഉച്ചകഴിഞ്ഞ് രണ്ടിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ക്കുന്നതിനും യോഗം തീരുമാനിച്ചു.
പ്രളയ ആനുകൂല്യത്തിന് അര്‍ഹരായവരുടെ ലിസ്റ്റ് എല്ലാ വില്ലേജ് ഓഫീസുകളിലും പഞ്ചായത്ത് ഓഫീസുകളിലും പ്രസിദ്ധീകരിക്കണമെന്നും ആക്ഷേപമുള്ളവര്‍ക്ക് പരാതി നല്‍കുന്നതിന് അവസരം നല്‍കണമെന്നും മന്ത്രി മാത്യു ടി തോമസും എംഎല്‍എമാരായ രാജു ഏബ്രഹാമും വീണാ ജോര്‍ജും നിര്‍ദേശിച്ചു. വലിയ തോതില്‍ മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളിലേക്കു വരുന്നുണ്ട്. ഇവ കൃത്യമായി നീക്കം ചെയ്യണം. പ്രളയത്തെ തുടര്‍ന്ന് അടിഞ്ഞിട്ടുള്ള മണ്ണ് നീക്കം ചെയ്യണമെന്നും എംഎല്‍എമാര്‍ നിര്‍ദേശിച്ചു.
എലിപ്പനിക്കെതിരേ വലിയ പ്രചാരണം നടത്തണമെന്ന് രാജു ഏബ്രഹാം എംഎല്‍എ നിര്‍ദേശിച്ചു. ഇക്കാര്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ഉച്ചഭാഷിണി ഉപയോഗിച്ച് പ്രചാരണം നടത്തണം. റാന്നിയില്‍ മഴ പെയ്താല്‍ ചെളി എല്ലായിടത്തേക്കും വ്യാപിച്ച് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്.  ഡെങ്കിപ്പനിക്കെതിരേ പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കൊതുതുകളുടെ ഉറവിട നശീകരണം നടത്തണം. റാന്നി മന്ദമരുതിയില്‍ റോഡിന്റെ വശം ഇടിഞ്ഞ് അപകടാവസ്ഥയുണ്ടായിട്ടുണ്ട്. ഇതിന് ഉടന്‍ പരിഹാരം കാണണം. മാമുക്ക് ജംഗ്ഷന്‍, റാന്നി ഉപാസന കടവ്, റാന്നി -ചെറുകോല്‍പ്പുഴ റോഡ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ അടിഞ്ഞു കൂടിയിട്ടുള്ള മണ്ണ് നീക്കണം. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള റോഡുകള്‍ക്ക് പ്രളയത്തില്‍ സംഭവിച്ചിട്ടുള്ള തകരാറുകള്‍ അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തണം. വെളളം കയറിയതിനാല്‍ വീടുകളിലെ വൈദ്യുതി കണക്ഷനുകളെല്ലാം തകരാര്‍ പറ്റിയിട്ടുണ്ട്. ശുചീകരണം ഉള്‍പ്പെടെ പ്രളയവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തനതു ഫണ്ടോ, പ്ലാന്‍ ഫണ്ടോ വിനിയോഗിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടെന്നും ഇതു പാലിക്കണമെന്നും രാജു ഏബ്രഹാം എംഎല്‍എ പറഞ്ഞു.
എലിപ്പനിക്കെതിരായ പ്രതിരോധ മരുന്ന് ഡോക്‌സിസൈക്ലിന്‍ എത്ര എണ്ണം കഴിക്കണം എന്നതു സംബന്ധിച്ച് ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കണമെന്ന് വീണാ ജോര്‍ജ് എംഎല്‍എ നിര്‍ദേശിച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍ മുഖേന പകര്‍ച്ചവ്യാധികള്‍ക്കെതിരായ ബോധവത്കരണ നോട്ടീസുകള്‍ വീടുകളില്‍ വിതരണം ചെയ്യണം. ദുരിതാശ്വാസ-രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളും വാര്‍ഡ് മെമ്പര്‍മാരും നേതൃത്വം നല്‍കണം. വീടുകളുടെ നാശനഷ്ടം കണക്കാക്കുന്നതിന് തയാറാക്കിയിട്ടുള്ള ആപ്ലിക്കേഷന്‍ ഉപയോഗിച്ച് അടിയന്തിരമായി വിവരശേഖരണം നടത്തണം. മുണ്ടകപ്പാടം കോളനിയില്‍ വൈദ്യുതി കണക്ഷന്‍ കൃത്യമായി നല്‍കണം. മാലക്കരയില്‍ കുടിവെള്ളം കിട്ടുന്നില്ലെന്ന പരാതി പരിഹരിക്കണം. പ്രളയത്തിന് ഇരയായവരെ വിവര ശേഖരണത്തിനായി ഓഫീസിലേക്ക് വിളിച്ചു വരുത്തി ബുദ്ധിമുട്ടിക്കരുത്. പ്രളയത്തിനിരയായ മുണ്ടകപ്പാടം കോളനി നിവാസികളെ പാര്‍പ്പിക്കുന്നതിന് പുതിയ ക്യാമ്പ് കണ്ടെത്തണമെന്നും വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു.
കൊതുക് നശീകരണത്തിന്റെ ഭാഗമായി ഫോഗിംഗ് ആരംഭിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് നിര്‍ദേശിച്ചു. പ്രളയത്തിലുണ്ടായ നാശനഷ്ടത്തിന്റെ വിവരങ്ങള്‍ അതത് വകുപ്പുകള്‍ കൃത്യമായ മാതൃകയില്‍ ശേഖരിക്കണം. ആരോഗ്യപ്രവര്‍ത്തനങ്ങളിലും മാലിന്യ സംസ്‌കരണത്തിലും പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. ശബരിമലയുമായി ബന്ധപ്പെട്ട് മാസപൂജയ്ക്ക് നട തുറക്കാനിരിക്കെ ആവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ശ്രദ്ധ പുലര്‍ത്തണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, എഡിഎം പി.ടി. ഏബ്രഹാം, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.