വാര്‍ധക്യകാല അവശതകള്‍ ഏറെ അലട്ടുന്നുണ്ടെങ്കിലും നാടിനായി തങ്ങളാലാകുന്ന സഹായം നല്‍കി വ്യത്യസ്തരാകുകയാണു പൊന്നമ്മയും  ലക്ഷ്മിയും.  സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള കാസര്‍കോട് പരവനടുക്കം ഗവ:വൃദ്ധമന്ദിരത്തിലെ താമസക്കാരായ ഡി.എം പൊന്നമ്മ(67), സി.ലക്ഷ്മി(66) എന്നിവരാണ് അവരുടെ വാര്‍ധക്യകാല പെന്‍ഷനില്‍ നിന്നും 16,000 രൂപ നവകേരള നിര്‍മ്മിതിക്കായി സംഭാവന ചെയ്തിരിക്കുന്നത്. കാസര്‍കോട് കളക്ടറേറ്റിലെത്തി ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത് ബാബുവിനാണു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക ഇരുവരും കൈമാറിയത്.
സംസ്ഥാനം നേരിട്ട മഹാപ്രളയത്തെക്കുറിച്ച് ടെലിവിഷന്‍ വാര്‍ത്തകളില്‍ നിന്നാണ് ഇവര്‍ അറിയുന്നത്. തങ്ങള്‍ക്ക് എന്തുചെയ്യാന്‍ കഴിയുമെന്ന ചിന്തയിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പെന്‍ഷനായി ലഭിച്ചതുക നല്‍കാന്‍ ഇരുവരും ചേര്‍ന്ന് തീരുമാനിക്കുന്നത്. തീരുമാനം വൃദ്ധമന്ദിരത്തിലെ സുപ്രണ്ട് പി.എം പങ്കജാക്ഷനെ അറിയിച്ചു. അദ്ദേഹം തീരുമാനത്തെ പ്രോത്സാഹിപ്പിച്ചു. വാര്‍ധക്യകാല പെന്‍ഷന്‍ ലഭിച്ച തുകയില്‍ പൊന്നമ്മയുടെ അക്കൗണ്ടിലുണ്ടായ 10,000 രൂപയും ലക്ഷ്മിയുടെ അക്കൗണ്ടിലെ ആറായിരം രൂപയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.