കോട്ടയം: കടുത്തവേനലിൽ വലയുന്ന ജനങ്ങൾക്ക് ആശ്വാസവുമായി സഹകരണ ബാങ്കുകളുടെ തണ്ണീർപന്തലുകൾ ജില്ലയിൽ തുറന്നു. ജില്ലാതല ഉദ്ഘാടനം പാമ്പാടി സർവീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിൽ തുറന്ന തണ്ണീർപന്തൽ ജനങ്ങൾക്കു സമർപ്പിച്ചുകൊണ്ടു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു. ബാങ്ക് ശാഖയ്ക്കടുത്തുള്ള പാമ്പാടി ബസ് സ്റ്റാൻഡിന് സമീപമാണ് തണ്ണീർപന്തൽ. പകൽ 12 മുതൽ മൂന്ന് വരെയാണ് തണ്ണീർപന്തലിലെ സേവനം. ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചേർന്നാണ് സേവനം നടത്തുന്നത്.

ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുൻനിർത്തി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം തണ്ണീർ പന്തലുകൾ ആരംഭിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചിരുന്നു. ഇതേത്തുടർന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ സഹകരണ ബാങ്ക് പ്രസിഡന്റുമാരുമായുള്ള ഓൺലൈൻ യോഗത്തിലാണ് സഹകരണമേഖലയിൽ തണ്ണീർപന്തലുകൾ ആരംഭിക്കാൻ നിർദേശം നൽകിയത്. സംഭാരം, തണുത്ത വെള്ളം, ഒ.ആർ.എസ്. ലായനി എന്നിവയാണ് തണ്ണീർ പന്തലുകളിൽ ലഭ്യമാക്കുന്നത്.

പാമ്പാടി സഹകരണ ബാങ്ക് അങ്കണത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന സഹകരണ യൂണിയൻ ഡയറക്ടർ ബോർഡംഗം കെ.എം. രാധാകൃഷ്ണൻ അധ്യക്ഷനായിരുന്നു. പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയ്, ബ്‌ളോക്ക് പഞ്ചായത്തംഗം സി.എം. മാത്യൂ, സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടർ എസ്. ജയശ്രീ, പാമ്പാടി സഹകരണ ബാങ്ക് പ്രസിഡന്റ് വി.എം. പ്രദീപ്, വൈസ് പ്രസിഡന്റ് അനിൽ നൈനാൻ, പി. ഹരികുമാർ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.