സ്ത്രീശക്തിയുടെ രജതജൂബിലി ആഘോഷങ്ങൾ അവിസ്മരണീയമാക്കാൻ മാർച്ച് 17ന് രാഷ്ട്രപതി ശ്രീമതി. ദ്രൗപദി മുർമു കേരളത്തിലെത്തും. തിരുവനന്തപുരത്ത് കവടിയാറിലെ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ കേരള സർക്കാരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രൗഢഗംഭീരമായ പരിപാടിയിലാണ് രാഷ്ട്രപതി പങ്കെടുക്കുക. സ്ത്രീശാക്തീകരണ ദാരിദ്ര്യ നിർമാർജന രംഗത്ത് ഇരുപത്തിയഞ്ച് വർഷം പൂർത്തീകരിക്കുന്ന സുപ്രധാന ഘട്ടത്തിലാണ് കുടുംബശ്രീയെ അഭിസംബോധന ചെയ്യാൻ രാഷ്ട്രപതി എത്തുന്നത്.

            മാർച്ച് 17ന് 11.45 ന് ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ എത്തുന്ന രാഷ്ട്രപതിയെ പൗരാവലിക്കു വേണ്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ  എം.ബി. രാജേഷ്, കെ. രാധാകൃഷ്ണൻ, വി.കെ. പ്രശാന്ത് എം.എൽ.എ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മേയർ ആര്യ രാജേന്ദ്രൻ, സ്പീക്കർ എ.എൻ. ഷംസീർ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് എന്നിവർ ചേർന്നു സ്വീകരിക്കും.

            11.52 ന് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് സ്വാഗതം ആശംസിക്കുന്നതോടെ പരിപാടി ആരംഭിക്കും. ഗവർണർ, മുഖ്യമന്ത്രി, മേയർ, മന്ത്രിമാർ, എം.എൽ.എ, സ്പീക്കർ, പ്രതിപക്ഷ നേതാവ്, ചീഫ് സെക്രട്ടറി എന്നിവരാണ് രാഷ്ടപതിക്കൊപ്പം വേദിയിൽ മുൻനിരയിൽ ഉണ്ടാവുക.  കുടുംബശ്രീയുടെ തുടക്കം മുതൽ ഇതുവരെയുളള സി.ഡി.എസ് ഭരണ സമിതി അംഗങ്ങളായ അഞ്ചു ലക്ഷം വനിതകൾ ചേർന്ന് കുടുംബശ്രീയുടെ ചരിത്രമെഴുതുന്ന ‘രചന’യുടെ ഉദ്ഘാടനം ലോഗോ അനാച്ഛാദനം ചെയ്തുകൊണ്ട് രാഷ്ട്രപതി നിർവഹിക്കും.

            ‘ചുവട്’, ‘കുടുംബശ്രീ @25’ എന്നീ പുസ്തകങ്ങളുടെ പ്രകാശനം ഗവർണർ നിർവഹിക്കും. ഇതിന്റെ കോപ്പികൾ രാഷ്ട്രപതിക്ക് ഗവർണർ സമ്മാനിക്കും. പട്ടികവർഗ വിഭാഗത്തിൽപെട്ടവരുടെ സമഗ്ര വികസനത്തിനായുള്ള ‘ഉന്നതി’ പദ്ധതിയുടെ ഉദ്ഘാടനം രാഷ്ട്രപതി നിർവഹിക്കും. ഐ.ടി വകുപ്പിന്റെ നേതൃത്വത്തിൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ഡിപ്ലോമ, എൻജിനീയറിങ്ങ് ടെക്‌നിക്കൽ ബുക്കുകളുടെ ആദ്യ കോപ്പി കേരള സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലർ രാഷ്ട്രപതിക്ക് നൽകും. തുടർന്ന് മേയർ, മുഖ്യമന്ത്രി, ഗവർണർ എന്നിവർ സംസാരിക്കും. അതിനു ശേഷം 12.20ന് രാഷ്ട്രപതി അഭിസംബോധന ചെയ്തു സംസാരിക്കും. 12.30ന് ദേശീയ ഗാനത്തോടെ പരിപാടികൾ അവസാനിക്കും.

            ഉച്ച കഴിഞ്ഞ് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ 2.30 മുതൽ 4.30 വരെ ‘പ്രാദേശിക സാമ്പത്തിക വികസനത്തിൽ സ്ത്രീകൂട്ടായ്മയുടെ പങ്ക്’ എന്ന വിഷയത്തിൽ പാനൽ ചർച്ച സംഘടിപ്പിക്കും. വൈകുന്നേരം 4.30 മുതൽ കുടുംബശ്രീ അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികളും ആറ് മണി മുതൽ പ്രമുഖ പിന്നണി ഗായിക ഗായത്രി അശോക് അവതരിപ്പിക്കുന്ന ഗസൽ സന്ധ്യയുമുണ്ട്.