സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം:
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലയില്‍ മെയ് 15 മുതല്‍ 26 വരെ കരുതലും കൈത്താങ്ങും എന്ന പേരില്‍ താലൂക്ക്തല പരാതി പരിഹാര അദാലത്തുകള്‍ സംഘടിപ്പിക്കും. മന്ത്രിമാരായ പി. രാജീവ്, പി. പ്രസാദ് എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കുമെന്ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ മജിസ്ട്രേറ്റ് എസ്.ഷാജഹാന്‍ അറിയിച്ചു.
മേയ് 15ന് കണയന്നൂര്‍ താലൂക്കിലും മേയ് 16ന് നോര്‍ത്ത് പറവൂരിലും 18ന് ആലുവയിലും 22ന് കുന്നത്തുനാട് താലൂക്കിലും 23ന് കൊച്ചിയിലും 25 മൂവാറ്റുപുഴയിലും 26ന് കോതമംഗലം താലൂക്കിലും അദാലത്തുകള്‍ നടക്കും.
ഭൂമി സംബന്ധമായ വിഷയങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍, ലൈസന്‍സുകള്‍ നല്‍കുന്നതിന്റെ കാലതാമസം, നിരസിക്കല്‍, ക്ഷേമ പദ്ധതികള്‍, പ്രകൃതിദുരന്തങ്ങളുടെ നഷ്ടപരിഹാരം, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍, പരിസ്ഥിതി മലിനീകരണം, തെരുവുനായ സംരക്ഷണം, റേഷന്‍ കാര്‍ഡ്, വന്യജീവി ആക്രമണം, ശാരീരിക, ബുദ്ധി, മാനസിക വൈകല്യം ഉള്ളവരുടെ പുനരധിവാസം, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിഷയങ്ങള്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ വിവിധ അനുകൂല്യങ്ങള്‍, വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതി, വിവിധ സ്‌കോളര്‍ഷിപ്പുകള്‍, കൃഷി നാശം, വിള ഇന്‍ഷുറന്‍സ്, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ആശുപത്രികളിലെ മരുന്ന് ലഭ്യത തുടങ്ങിയ വിഷയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ഏപ്രില്‍ 1 മുതല്‍ 15 വരെ പരാതി സമര്‍പ്പിക്കാം.
പരാതികള്‍ താലൂക്കുകളില്‍ നേരിട്ടും അക്ഷയ കേന്ദ്രങ്ങള്‍ വഴി ഓണ്‍ലൈനായും സമര്‍പ്പിക്കാം. കക്ഷിയുടെ പേര്, വിലാസം, മൊബൈല്‍ നമ്പര്‍, ജില്ലാ താലൂക്ക് എന്ന വിവരങ്ങള്‍ നിര്‍ബന്ധമായും അപേക്ഷയില്‍ ഉണ്ടാകണം. അദാലത്തില്‍ ലഭിക്കുന്ന പരാതികള്‍ അതാത് ദിവസം പരിഹരിക്കുന്നതിന് താലൂക്ക് തലത്തിലും ജില്ലാ തലത്തിലും അദാലത്ത് സെല്ലുകളും ജില്ലാതല അദാലത്ത് മോണിറ്ററിങ് സെല്ലും പ്രവര്‍ത്തിക്കുമെന്നും എഡിഎം പറഞ്ഞു.
കളക്ടറേറ്റില്‍ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം ആരംഭിച്ചു. മിനി സിവില്‍ സ്റ്റേഷനുകളിലും ബയോമെട്രിക് പഞ്ചിംഗ് ആരംഭിക്കുന്നതിനും എല്ലാ ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം ഉറപ്പാക്കുന്നതിനും നടപടികള്‍ സ്വീകരിക്കണമെന്നും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് നിര്‍ദേശിച്ചു.
യോഗത്തില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.