ആകെ നീക്കിയത് 40 ടണ്‍ മാലിന്യം
നവകേരളം കര്‍മ്മ പദ്ധതിയുമായി സഹകരിച്ച് നടപ്പാക്കുന്ന സുസ്ഥിര തൃത്താല-മാലിന്യ മുക്ത തൃത്താല പദ്ധതിയിലൂടെ ശാസ്ത്രീയ രീതിയില്‍ മാലിന്യം ശേഖരിച്ച് നീക്കം ചെയ്യുന്ന പ്രത്യേക ക്യാമ്പയിന്‍ സമാപിച്ചു. നാല് ഘട്ടങ്ങളിലായി നടന്ന ക്യാമ്പയിനിലൂടെ തൃത്താല മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളില്‍ നിന്നായി ആകെ 40 ടണ്‍ മാലിന്യങ്ങളാണ് നീക്കം ചെയ്തത്. ഹരിതകര്‍മ്മ സേനകള്‍ മാലിന്യം ശേഖരിക്കുകയും ക്ലീന്‍ കേരള കമ്പനി ഓരോ ഘട്ടത്തിലും ശേഖരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ഓരോ ഘട്ട സമാപനത്തിലും അതത് വിഭാഗത്തില്‍പ്പെട്ട മാലിന്യങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്തു.
ഒന്നാം ഘട്ട സമാപനത്തില്‍ ബാഗ്, ലെതര്‍ ഇനങ്ങള്‍, ചെരുപ്പ്, തെര്‍മോകോള്‍ എന്നിവ ഉള്‍പ്പെട്ട പത്തര ടണ്‍ നിഷ്‌ക്രിയ മാലിന്യങ്ങളാണ് നീക്കം ചെയ്തത്. രണ്ടാം ഘട്ടത്തില്‍ എട്ടര ടണ്‍ തുണി മാലിന്യങ്ങളും മൂന്നാം ഘട്ടത്തില്‍ 20 ടണ്‍ ചില്ലു മാലിന്യങ്ങളും നാലാം ഘട്ട സമാപനത്തില്‍ ഒരു ടണ്‍ ഇ-മാലിന്യമാണ് (ആപത്ക്കരമായ ഇ-മാലിന്യങ്ങളുള്‍പ്പെടെ) നീക്കം ചെയ്തത്. ചാലിശ്ശേരി, നാഗലശ്ശേരി, തൃത്താല, ആനക്കര, കപ്പൂര്‍, പട്ടിത്തറ, തിരുമിറ്റക്കോട്, പരുതൂര്‍ പഞ്ചായത്തുകളിലെ നിര്‍ദിഷ്ട കേന്ദ്രങ്ങളില്‍ നിന്നാണ് ക്ലീന്‍ കേരള കമ്പനി പാഴ്വസ്തുക്കള്‍ നീക്കം ചെയ്തത്.
ഹരിത കര്‍മ്മസേനാംഗങ്ങളെ കൂടാതെ ഗ്രാമപഞ്ചായത്തുകളുടെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ക്ലീന്‍ കേരള-നവകേരളം മിഷന്‍ പ്രതിനിധികള്‍ ക്യാമ്പയിനുകളില്‍ പങ്കെടുത്തതായി ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ ആദര്‍ശ് ആര്‍. നായര്‍ അറിയിച്ചു.
മാലിന്യ മുക്ത തൃത്താല പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്നും പദ്ധതി മാതൃക ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലും നടപ്പാക്കാന്‍ മുന്‍കൈ എടുക്കുമെന്നും നവകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സെയ്തലവി, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി.ജി അബിജിത്ത് എന്നിവര്‍ അറിയിച്ചു. വിവിധ കേന്ദ്രങ്ങളില്‍ നടന്ന ക്യാമ്പയിനുകളില്‍ ക്ലീന്‍ കേരള പ്രതിനിധികളായ ബി. ശ്രീജിത്ത്, പി.വി സഹദേവന്‍, വി.എസ് രാമചന്ദ്രന്‍, എസ്. സുസ്മിത, നവകേരളം മിഷന്‍ പ്രതിനിധി നീരജ ഗൗരി എന്നിവര്‍ ഏകോപനം നിര്‍വഹിച്ചു.