അടുത്ത അധ്യയന വർഷത്തേക്ക് സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാനുള്ള കൈത്തറി സ്കൂൾ യൂണിഫോം തയ്യാർ. സംസ്ഥാന തല വിതരണ ഉദ്ഘാടനം ഇന്ന്  രാവിലെ 11 ന് ഏലൂർ ജി.എച്ച്.എസ്.എസിൽ പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർവ്വഹിക്കും. വ്യവസായ മന്ത്രി പി.രാജീവ് അധ്യക്ഷനാകും. ചരിത്രത്തിലാദ്യമായി സ്കൂൾ വിദ്യാർഥികൾക്കുള്ള സൗജന്യ കൈത്തറി യൂണിഫോം മധ്യവേനലവധിക്ക് മുൻപയി വിതരണം ചെയ്യുന്നത് അഭിമാനകരമായ നേട്ടമാണെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.

സംസ്ഥാനത്തെ സർക്കാർ / എയ്ഡഡ് വിദ്യാലയങ്ങളിലെ ഒന്ന് മുതൽ ഏഴുവരെ ക്ളാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് സൗജന്യ കൈത്തറി യൂണിഫോം നൽകുന്നത്. വ്യവസായ- കൈത്തറി വകുപ്പുകൾക്ക് കീഴിലുള്ള കൈത്തറി നെയ്ത്ത് സഹകരണ സംഘങ്ങളിലെ തൊഴിലാളികൾ നെയ്ത യൂണിഫോം തുണി വിതരണത്തിന് ഇതിനകം തയ്യാറായിക്കഴിഞ്ഞു. അടുത്ത വർഷം ജൂൺ 1 ന് സ്കൂൾ തുറക്കുമ്പോൾ തന്നെ പുത്തൻ യൂണിഫോം ധരിച്ച് വിദ്യാർത്ഥികൾക്ക് ക്ളാസിലെത്താം. സ്കൂൾ വിദ്യാർത്ഥികൾക്ക് യൂണിഫോം ലഭ്യമാക്കുന്നതിനൊപ്പം സംസ്ഥാനത്തെ കൈത്തറി മേഖലയുടെ പുനരുദ്ധാരണവും കൂടി ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

രണ്ട് ജോഡി വീതം യൂണിഫോം തുണിയാണ് വിതരണം ചെയ്യുന്നത്. ആകെ 10 ലക്ഷം കുട്ടികൾക്കായി 42.5 ലക്ഷം മീറ്റർ യൂണിഫോം തുണിയാണ് ഒന്നാം ഘട്ടത്തിൽ വിതരണം ചെയ്യുക. 2023-24 അധ്യയന വർഷത്തിൽ സ്കൂൾ യൂണിഫോം പദ്ധതിയ്ക്കായി 140 കോടി രൂപയാണ് സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ വകയിരുത്തിയത്.

2016-17ൽ ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്താണ് പരമ്പരാഗത വ്യവസായ കൈത്തറിയുടെ ഉന്നമനത്തിനും, സ്കൂൾ കുട്ടികൾക്ക് ഗുണമേൻമയേറിയ യൂണിഫോം ലഭിക്കുന്നതിനുമായി സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം പദ്ധതി നടപ്പിലാക്കിയത്. യൂണിഫോം ലഭിക്കുന്നതിൽ കാലതാമസമുണ്ടാകുന്നതും ഗുണമേന്മ കുറവാകുന്നതുമായ പരാതികൾ പരിഹരിക്കാൻ കൈത്തറി യൂണിഫോമുകളിലൂടെ സാധിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും, കൈത്തറി വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കിവരുന്നത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുളള ജില്ലകളിൽ ഹാന്റക്സും, തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുളള ജില്ലകളിൽ ഹാൻവീവുമാണ് യൂണിഫോം തുണി വിതരണം ചെയ്യുന്നത്. നിലവിൽ 6200 നെയ്ത്തുകാരും, 1600 അനുബന്ധ തൊഴിലാളികളും ഇതുമായി ബന്ധപ്പെട്ട ജോലി ചെയ്തുവരുന്നു. സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം പദ്ധതിയ്ക്കായി ആരംഭഘട്ടം മുതൽ ഇതുവരെ 469 കോടി രൂപയാണ് സർക്കാർ അനുവദിച്ച് നൽകിയിട്ടുളളത്. ഇതിൽ നിന്നും 284 കോടി രൂപ നെയ്ത്തുകാർക്ക് കൂലിയിനത്തിൽ വിതരണം ചെയ്യുന്നതിനും സാധിച്ചതായി മന്ത്രി പി.രാജീവ് അറിയിച്ചു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, വിദ്യാഭ്യാസ – വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു, ഏലൂർ നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.