മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ തടയുന്നതിനായി ജില്ലയില്‍ രൂപികരിച്ച എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം തുടങ്ങി. വയനാട്  വൈത്തിരി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥാപന ങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളടക്കം പിടി ച്ചെടുത്തു. ആയിരം രൂപ പിഴയും ചുമത്തി. ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍ വി.എം അബ്ദുള്ള, ജില്ലാ ജോയിന്റ് ഡയറക്ടറുടെ ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് എം.ഷാജു, ശുചിത്വ മിഷന്‍ അസി.കോ-ഓര്‍ഡിനേറ്റര്‍ (ഐ.ഇ.സി) റഹിം ഫൈസല്‍, സുഗന്ധഗിരി കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി. ഷാജി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

നിരോധിച്ച പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍, മാലിന്യങ്ങള്‍ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങള്‍, മാലിന്യ സംസ്‌ക്കരണം കൃത്യമായ രീതിയില്‍ നടത്താത്ത സ്ഥാപനങ്ങള്‍ എന്നിവ പരിശോധനയ്ക്ക് വിധേയമാക്കും. പ്ലാസ്റ്റിക് മാലിന്യം കത്തിക്കുക, മാലിന്യങ്ങള്‍ തരംതിരിക്കാതെ പൊതുസ്ഥലത്ത് കൂട്ടിയിടുകയോ വലിച്ചെറിയുകയോ ചെയ്യുക എന്നിവക്കെതിരെയും നടപടി ഉണ്ടാകും. പരിശോധന വരും ദിവസങ്ങളില്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.