ഹരിപ്പാട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണം ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി മണ്ഡലത്തിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടേയും യോഗം ചേര്‍ന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.
ഓരോ പഞ്ചായത്തില്‍ നിന്നും പരമാവധി തുക സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ എല്ലാ പഞ്ചായത്തു പ്രസിഡന്റുമാരും മുന്നിട്ടിറങ്ങണമെന്ന് എം.എല്‍.എ പറഞ്ഞു. സംസ്ഥാനത്തിന്റെ പുനസൃഷ്ടിയില്‍ പങ്കാളിയാവാന്‍ ലഭിക്കുന്ന അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഇതിനായി എല്ലാവരുടേയും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹരിപ്പാട് മണ്ഡലത്തില്‍ നിന്നും സമാഹരിക്കുന്ന തുക സെപ്്റ്റംബര്‍ 17ന് രാവിലെ ഹരിപ്പാട് നഗരസഭയില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രിക്ക് കൈമാറും. ജില്ലയില്‍ നടക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിലേക്ക് എല്ലാവരും തങ്ങളുടെ വിഹിതം സംഭാവനയായി നല്‍കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു. ജില്ലയുടെ ചുമതലയുള്ള സ്പെഷ്യല്‍ ഓഫീസറും നികുതി വകുപ്പ് സെക്രട്ടറിയുമായ പി. വേണുഗോപാല്‍, ഹരിപ്പാട് നഗരസഭാധ്യക്ഷ വിജയമ്മ പുന്നൂര്‍മഠം, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശ്ശേരി, കാര്‍ത്തികപ്പള്ളി താലൂക്ക് തഹസില്‍ദാര്‍ പി. എന്‍. സാനു, ജില്ലാ പഞ്ചായത്തംഗം ബബിത ജയന്‍, തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികള്‍, സെക്രട്ടറിമാര്‍, വില്ലേജ് ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു