പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആഭിമുഖ്യത്തിൽ ഹരിപ്പാട് മണ്ഡലം അവലോകനയോഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ശനിയാഴ്ച നടന്നു. ഹരിപ്പാട് മണ്ഡലത്തിൽ പ്രളയക്കെടുതി ബാധിച്ച പ്രദേശങ്ങളിൽ കിറ്റ് വിതരണത്തിൽ അപാകം ഉണ്ടായതായും അത് എത്രയും പെട്ടെന്ന് പരിഹരിക്കാനും അദ്ദേഹം യോഗത്തിൽ ആവശ്യപ്പെട്ടു. കിറ്റുകൾ അർഹരായവർക്കെല്ലാം എത്തിക്കാൻ നടപടി സ്വീകരിക്കാൻ സബ്കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കൂടാതെ ഹരിപ്പാട് താറാവ് കർഷകർക്കുണ്ടായ നഷ്ടം മൃഗസംരക്ഷണ വകുപ്പ് വിശദമായി റിപ്പോർട്ട് തയ്യാറാക്കി ജില്ലാ കളക്ടർ വഴി സർക്കാരിൽ അറിയിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കരുവാറ്റ കാരമുട്ട്് പ്രദേശത്ത് എംഎൽഎ ഫണ്ടിൽ നിന്ന് പമ്പ് സ്ഥാപിച്ചെങ്കിലും കെഎസ്ഇബി കണക്ഷൻ ലഭിക്കാത്ത പ്രശ്‌നം എത്രയും പെട്ടെന്ന് പരിശോധിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഹരിപ്പാടിന്റെ ചിലഭാഗങ്ങളിൽ കുടിവെള്ള പ്രശ്‌നം രൂക്ഷമാണെന്ന് അദ്ദേഹം യോഗത്തിൽ പറഞ്ഞു. കാർത്തികപ്പള്ളിയിൽ ട്യൂബുവെൽ തുടങ്ങിയെങ്കിലും ശരിയായ രീതിയിൽ കുടിവെള്ളം ലഭിക്കുന്നില്ല. പള്ളിപ്പാട് നാലു കെട്ട് കവല ഭാഗത്ത് കുടിവെള്ളത്തിനായി പണം അനുവദിച്ചെങ്കിലും ഇതുവരെ പണിതുടങ്ങാത്ത കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഹരിപ്പാട്ടെ ക്യാമ്പുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും അദ്ദേഹം ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു. സബ്കളക്ടർ കൃഷ്ണ തേജ, എ.ഡി.എം ഐ. അബ്ദുൽസലാം, ഡെപ്യൂട്ടി കളക്ടർമാർ, വിവിധ വകുപ്പുതല മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
