ആലപ്പുഴ: നവകേരള പുനർനിർമാണത്തിന്റെ ഭാഗമായി തീരദേശത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് തീരദേശ പാക്കേജ് ഈ വർഷം മുതൽ നടപ്പാക്കി തുടങ്ങുമെന്ന് ധനകാര്യമന്ത്രി ഡോ. ടി.എം.തോമസ് ഐസക് പറഞ്ഞു. വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ മത്സ്യത്തൊഴിലാളികളുടെ മക്കളെ മത്സ്യഫെഡ് ക്യാഷ് അവാർഡും ഫലകവും നൽകി ആദരിക്കുന്ന ആലപ്പുഴയിലെ മികവ് -2018 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഓഖിക്ക് ശേഷമുള്ള ബജറ്റിലെ തീരദേശ പാക്കേജ് തയ്യാറായി വരികയാണ്. കേരളം പുനർനിർമിക്കുമ്പോൾ ആദ്യപരിഗണന തീരദേശ സംരക്ഷണത്തിനായിരിക്കും. തമിഴ്നാട്, ആന്ധ്ര, ഒറീസ എന്നിവിടങ്ങൾ പരിശോധിച്ചാൽ മത്സ്യഗ്രാമങ്ങൾ കടൽത്തീരത്ത് അല്ല. നമുക്കും പുനരധിവാസം വേണ്ടിവരും. ഇപ്പോൾ വീടുവെക്കാൻ നൽകുന്ന ആനുകൂല്യം കൂടുതൽ ആകർഷകമാക്കും. കൂടുതൽ തുറമുഖങ്ങൾ, ആവശ്യമുള്ളിടത്തെല്ലാം സംരക്ഷണഭിത്തി അല്ലെങ്കിൽ പുലിമുട്ട് എന്നിവ പാക്കേജിന്റെ ഭാഗമാണ്. തീരദേശപത വികസിപ്പിക്കുന്നതിനൊപ്പം മൽസ്യമാർക്കറ്റുകളും നവീകരിക്കും. മത്സ്യത്തൊഴിലാളികളുടെ മക്കളിൽ 200 പേരെ തീരദേശ സേനയിലേക്ക് നിയോഗിക്കാൻ തീരുമാനമെടുത്തിട്ടുണ്ട്. തീരപ്രദേശത്ത് വളണ്ടിയർ സേന രൂപവൽക്കരിക്കാനും അവർക്ക് പരിശീലനം നൽകാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുനിസിപ്പൽ കൗൺസിലർ ഐ. ലത, മത്സ്യഫെഡ് ഭരണസമിതി അംഗങ്ങളായ കെ.സി. രാജീവ്, പി.എം.മിനി, പി.എസ്.രേഖ, ശ്രീവിദ്യ സുമോദ്, സബീന സ്റ്റാൻലി, ഡപ്യൂട്ടി ജനറൽ മാനേജർ പി.പി.സുരേന്ദ്രൻ, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ എം.എം.സിയാർ, ജില്ല മാനേജർ പി.വത്സല കുമാരി എന്നിവർ പ്രസംഗിച്ചു. പത്താംക്ലാസ്, പ്ലസ്ടൂ, പ്രഫഷണൽ കോഴ്സുകളിൽ ഉന്നത വിജയം നേടിയ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു വിദ്യാർഥികൾ പുരസ്‌കാരവും ക്യാഷ് അവാർഡും വാങ്ങുന്നതിന് എത്തിയിരുന്നു.