ആലപ്പുഴ: അടിയന്തിര സാഹചര്യം വ്യക്തമാക്കിയിട്ടും കുട്ടനാട്ടിൽ പമ്പിങ് ആരംഭിക്കാത്ത കരാറുകാർക്കെതിരെ വാറണ്ട് പുറപ്പെടുവിക്കാൻ ധനമന്ത്രി തോമസ് ഐസക് സബ്കളക്ടർ കൃഷ്ണതേജയ്ക്ക് നിർദ്ദേശം നൽകി. കളക്ട്രേറ്റിൽ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കുട്ടനാട് പുനരധിവാസവുമായി ബന്ധപ്പെട്ട അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 300 കുടിവെള്ള ഫിൽട്ടറുകൾ ഉടൻ ജില്ലയിൽ എത്തുമെന്നും അത് അങ്കണവാടികൾ, സ്കൂളുകൾ, ആരോഗ്യസ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് നൽകാനും നിർദ്ദേശിച്ചു.
കുട്ടനാട്ടിലെ റേഷൻ വിതരണത്തിന്റെ സ്ഥിതി പരിശോധിക്കാൻ പരിശോധന സംഘത്തെ നിയോഗിക്കും. വീട് പൂർണമായും ഇല്ലാതായവർക്ക് താൽക്കാലികമായി കിടപ്പാടം ഒരുക്കുന്നതിന് ഈ രംഗത്ത് പരിചയമുള്ള പ്രോജക്ട് വിഷൻ ഉൾപ്പടെയുള്ള ഏജൻസികളുമായി സംസാരിക്കണം. ഇപ്പോഴും കുട്ടനാടിന്റെ ചില ഭാഗങ്ങളിലുള്ളവർ പുറത്ത് ക്യാമ്പുകളിൽ ഉണ്ട്. ഇവരെ വീടിനു സമീപമുള്ള ഏതെങ്കിലും വീടോ ഹാളോ വാടകയ്ക്കെടുത്ത് താമസിപ്പിക്കുന്നത് പരിഗണിക്കാൻ മന്ത്രി നിർദ്ദേശിച്ചു.
