ചെങ്ങന്നൂർ: വെള്ളപ്പൊക്ക ദുരിതബാധിതർക്ക് വില്പനവിലയുടെ പകുതി നിരക്കിൽ കയർ കോർപ്പറേഷൻ മെത്തകൾ നൽകുന്നത് ആശ്വാസമാകുന്നു.പ്രളയത്തിൽ ഏറ്റവുമധികം ആളുകൾക്ക് കിടക്കകളും മറ്റും നഷ്ടമായ പ്രദേശങ്ങളിലെ ജനങ്ങൾക്കാണ് പകുതി വിലയ്ക്ക് സംസ്ഥാന കയർ കോർപ്പറേഷൻ ബഡുകൾ വിതരണം ചെയ്യുന്നത്. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പുലിയൂരിലെ ഓഫീസിനോട് ചേർന്ന കോൺഫ്രൻസ് ഹാളിലെ കയർ കോർപ്പറേഷൻ വില്പനകേന്ദ്രത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധാമണിയും വൈസ് പ്രസിഡന്റ് ജി വിവേകും ചേർന്ന് ആദ്യവിതരണം നിർവ്വഹിച്ചു.പാണ്ടനാട് പറമ്പത്തൂർ പടി ജംഗ്ഷനിലെ മുല്ലശ്ശേരി ഫാമിലി ഹാളിലും ബഡുകളും, കയർ മാറ്റുകളും വിതരണം ചെയ്യുന്നുണ്ട്. കുട്ടനാട്ടിൽ രാമങ്കരി എസ് എൻ ഡി പി ആഡിറ്റോറിയത്തിൽ നിന്നും, പുളിങ്കുന്ന് വടക്കെ അങ്ങാടി സഹകരണ ബാങ്ക് ഹാളിൽ നിന്നും രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ ഉല്പന്നങ്ങൾ വാങ്ങുന്നതിനുള്ള സൗകര്യമുണ്ട്.
