വൈക്കം സത്യഗ്രഹ സ്മരണകൾ

അവർണ- സവർണ വ്യത്യാസമില്ലാതെ ദേശസ്നേഹികൾ എല്ലാവരും ഒരുമിച്ചുനിന്ന് അയിത്തത്തിനെതിരെ പോരാടിയ വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷവേളയിൽ സത്യഗ്രഹകാലത്തിന്റെ ഓർമയുടെ ശേഷിപ്പായി
വൈക്കം പഴയ ബോട്ട് ജെട്ടി ഒരു ചരിത്രസ്മാരകം പോലെ നിലകൊള്ളുന്നു.

വൈക്കം സത്യഗ്രഹത്തിന് പ്രചോദനവും ആവേശവുമായി മാറിയത് മഹാത്മാഗാന്ധിയുടെ വരവാണ്. 1925 മാർച്ച് ഒൻപതിന് സത്യഗ്രഹത്തിൽ പങ്കെടുക്കാനായി എറണാകുളത്തുനിന്ന് കായൽമാർഗമെത്തിയ മഹാത്മാഗാന്ധി വൈക്കം ബോട്ട്ജെട്ടിയിലാണ് വന്നിറങ്ങിയത്. ഗാന്ധിജിയെ ഇവിടെവെച്ച് കെ. കേളപ്പന്റെ നേതൃത്വത്തിൽ ജനങ്ങൾ മംഗളപത്രം നൽകി സ്വീകരിച്ചു. അന്നേദിവസം മൗനവ്രതത്തിൽ ആയതിനാൽ അദ്ദേഹം ആരോടും സംസാരിച്ചില്ല.

ഗാന്ധിജിയുടെ രണ്ടാം കേരള സന്ദർശനവുമായിരുന്നു ഇത്.
ഒരു നാടിന്റെ ഐതിഹാസിക പോരാട്ടത്തിന്റെ ഭാഗമായ വൈക്കം പഴയ ബോട്ട് ജെട്ടി ജലഗതാഗതത്തിനും ടൂറിസത്തിനും ഉപയോഗിക്കപ്പെട്ടു. മറുകരയുമായും എറണാകുളമുൾപ്പെടെയുള്ള വലിയ പട്ടണങ്ങളിലേക്കും വൈക്കത്തുകാരുടെ എളുപ്പമാർഗമായി ബോട്ട് ജെട്ടി മാറി. പഴയ ബോട്ട് ജെട്ടിയ്ക്ക് സമീപമായി പണിപൂർത്തിയായ പുതിയ ബോട്ട് ജെട്ടിയിൽ നിന്നാണ് ഇപ്പോൾ സർവീസുകൾ നടക്കുന്നത്. 2021ൽ ഇറിഗേഷൻ വകുപ്പിന്റെ സഹായത്തോടെ 42 ലക്ഷം രൂപ ചെലവിൽ പുനരുദ്ധാരണ പ്രവർത്തനം നടത്തി. രാജഭരണത്തിന്റെ ശംഖമുദ്രയോടെ ഇന്നും പഴയ ബോട്ട് ജെട്ടി നിലകൊള്ളുന്നു.