ചെങ്ങന്നൂർ : നാടിനെ നടുക്കിയ മഹാപ്രളയത്തിന്റെ കെടുതികളെ അതിജീവിക്കുവാൻ കുരുന്നുകൾക്ക് ചെങ്ങന്നൂർ  ബി.ആർ.സിയുടെ കൈത്താങ്ങ്. പ്രളയബാധിതരായ ഏകദേശം അറുപതോളം സ്‌ക്കൂളുകളിലെ വിദ്യാർത്ഥികൾക്ക്  ചെങ്ങന്നൂർ ബി.ആർ.സി യുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ സമാഹരിച്ച് നൽകി. തിരുവനന്തപുരം ജില്ലയിലെ കണിയാപുരം, ബാലരാമപുരം എന്നീ ബി.ആർ.സി കളുടെ നേതൃത്വത്തിൽ ശേഖരിച്ച പഠനോപകരണക്കിറ്റുകൾ സ്‌ക്കൂളുകളിൽ നേരിട്ട് വിതരണം ചെയ്തു. നോട്ട്ബുക്കുകൾ, പേന, പെൻസിൽ, ബാഗ്, ഇൻസ്ട്രമെന്റ് ബോക്‌സ്, കുട, വാട്ടർബോട്ടിൽ, ചോറുപാത്രം, തുണിത്തരങ്ങൾ, കുടിവെള്ളം തുടങ്ങിയവയെല്ലാം നൽകുവാൻ സാധിച്ചു.
വർക്കല അയിരൂർ എം.ജി.എം മോഡൽ സ്‌ക്കൂളിലെ വിദ്യാർത്ഥികൾ സമാഹരിച്ച പഠനോപകരണങ്ങൾ പുലിയൂർ ഗവ.ഹയർസെക്കന്ററി സ്‌ക്കൂളിലെ കുട്ടികൾക്ക് വിതരണം ചെയ്തു. ചടങ്ങിൽ എം.ജി.എം മോഡൽ സ്‌ക്കൂളിലെ പ്രിൻസിപ്പൽ പൂജ,  കോർഡിനേറ്റർ സാജൻ ആർ,  ദീപക്ചന്ദ്രൻ, പുലിയൂർ ഗവ.ഹയർസെക്കന്ററി സ്‌ക്കൂൾ പ്രഥമാധ്യാപിക പുഷ്പകുമാരി, ചെങ്ങന്നൂർ ബി.പി.ഒ ജി.കൃഷ്ണകുമാർ, ബി.ആർ.സി ട്രെയിനർ ഷാജി ഫിലിപ്പ് എന്നിവർ പങ്കെടുത്തു.