കൊച്ചി: വടവുകോട്-പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്തുകള്‍ പിരിവെടുത്തും തനതു ഫണ്ടില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ചത് 20 ലക്ഷം രൂപ. കുറുപ്പംപടി സെന്റ് മേരീസ്
യാക്കോബായ സിറിയന്‍ കത്തീഡ്രല്‍ സഹായിച്ചത് രണ്ടു വീടുകള്‍ നിര്‍മ്മിച്ചു നല്‍കാമെന്ന വാഗ്ദാനം. സുമനസുകളുടെ സഹായ പ്രവാഹത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണ യജ്ഞത്തിന് വന്‍ സ്വീകരണം. ബ്ലോക്ക് പഞ്ചായത്തുകളും ഗ്രാമപഞ്ചായത്തുകളും സര്‍വീസ് സഹകരണ ബാങ്കുകളും സഹായ നിധിയിലേക്ക്പണമെത്തിക്കാനുള്ള കര്‍ത്തവ്യം ഉത്തരവാദിത്തത്തോടെ പൂര്‍ത്തിയാക്കി. ഇതോടൊപ്പം സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹായം കൂടിയെത്തിയപ്പോള്‍ കുന്നത്തുനാട് താലൂക്കിന്റെ സഹായം ഒന്നേകാല്‍ ക്കോടിയിലധികമായി.

പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്പെരുമ്പാവൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന ധനസമാഹരണ യജ്ഞത്തില്‍ മന്ത്രി എ.സി.മൊയ്തീന്‍ താലൂക്കിലെ സഹായങ്ങള്‍ ഏറ്റുവാങ്ങി.

താലൂക്കിലെ പ്രത്യേക രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ രാവിലെ മുതല്‍ സഹായങ്ങളുമായി എത്തിയവരുടെ തിരക്കായിരുന്നു. ഉച്ചയോടെ മന്ത്രി എത്തിയപ്പോള്‍ വന്‍ തിരക്കായി. ചെക്കുകളും ഡ്രാഫ്റ്റുകളും ആയാണ് സഹായങ്ങള്‍ സ്വീകരിച്ചത്. ചിലര്‍ പണമായും സഹായം നല്‍കി. ഭൂരിഭാഗം പേരുടെയും സഹായങ്ങള്‍ മന്ത്രി നേരിട്ടു തന്നെ സ്വീകരിച്ചു. മന്ത്രി പോയിട്ടും രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ തിരക്ക് കുറഞ്ഞിരുന്നില്ല. പണമെത്തിക്കുന്നവര്‍ക്ക് അപ്പോള്‍ തന്നെ രസീതും താലൂക്കില്‍ നിന്നും നല്‍കുന്നുണ്ട്. കോലഞ്ചേരി മെഡിക്കല്‍ കോളജ് പത്തുലക്ഷം രൂപ നല്‍കി. മാമലയിലെ ടോഡി അസോസിയേഷന്‍ ഒരു ലക്ഷം രുപയും നല്‍കി.സോമില്‍ ഓണേഴ്‌സ് അസോസിയേഷന്‍ ( ഒരു ലക്ഷം), കുറുപ്പംപടി സര്‍വീസ് സഹരെണ ബാങ്ക് (8,36000), വെങ്ങോല ഗ്രാമ പഞ്ചായത്ത് സെക്രട്ടറി (5ലക്ഷം), വെങ്ങോല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ( 5 ലക്ഷം), രായമംഗലം ഗ്രാമ പഞ്ചായത്ത് ( 5 ലക്ഷം), മഴുവന്നൂര്‍ ഗ്രാമപഞ്ചായത്ത് (രണ്ടു ലക്ഷം), പെരുമ്പാവൂര്‍ നഗരസഭ (രണ്ടു ലക്ഷം), അശമന്നൂര്‍ ഗ്രാമപഞ്ചായത്ത് ( 2 ലക്ഷം ), കിഴക്കമ്പലം ഗ്രാമ പഞ്ചായത്ത് (2 ലക്ഷം), വടവുകോട് ബ്ലോക്ക് ( ഒരു ലക്ഷം), കൂവപ്പടി ബ്ലോക്ക് ( ‘ഒരു ലക്ഷം), കേര ഓയില്‍ (അഞ്ചു ലക്ഷം), പൂതൃക്ക പഞ്ചായത്ത് (5 ലക്ഷം), കൊച്ചിന്‍ ഗ്രാനൈറ്റ്‌സ് ( 1 ലക്ഷം), ഗുരുകൃപ റെസിഡന്‍സ് അസോസിയേഷന്‍ ( 25,000 ) എന്നിവരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കി.

താലൂക്കില്‍ ചെക്കായിട്ടും ഡിഡിയായിട്ടും 12471974 രൂപയും പണമായി 2,87,502 രൂപയും ലഭിച്ചു. ആകെ 152 പേരില്‍ നിന്നും 12759476 രൂപ സഹായം ലഭിച്ചു.

എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ അധ്യക്ഷത വഹിച്ചു. വി.പി.സജീന്ദ്രന്‍ എം എല്‍ എ, തഹസില്‍ദാര്‍ സാബു ഐസക്, മുന്‍ എംഎല്‍എ സാജു പോള്‍, ടെല്‍ക് ചെയര്‍മാന്‍ എന്‍.സി. മോഹനന്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സതി ജയകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.