* പ്രളയബാധിതര്‍ക്കായുള്ള കെയര്‍ കേരള പദ്ധതിക്ക് രൂപരേഖയായി
* സാങ്കേതിക സാമൂഹിക വിദഗ്ധരുടെ ഏകദിനശില്പ ശാലയിലെ നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുക്കുമെന്നും മന്ത്രി
പ്രളയദുരന്തത്തില്‍ പൂര്‍ണ്ണമായും വീട് നഷ്ടപ്പെട്ടവര്‍ക്ക് സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ചു നല്‍കുന്ന വീടുകള്‍ ഗുണഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായും, അവരുടെ താല്‍പര്യങ്ങള്‍ കൂടി മനസിലാക്കിയും ആയിരിക്കും നിര്‍മ്മിക്കുകയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.
കെയര്‍ കേരള പദ്ധതിയുടെ ഭാഗമായി വീട് നിര്‍മ്മിച്ചു നല്‍കുന്ന കെയര്‍ ഹോം  പദ്ധതിയുടെ നടത്തിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് സംഘടിപ്പിച്ച സാങ്കേതിക സാമൂഹിക വിദഗ്ധരുടെ ഏകദിനശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭവനനിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളായ ഹാബിറ്റാറ്റ്, കോസ്റ്റ്‌ഫോര്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍, കേരളത്തിലെ വിവിധ ജില്ലകളിലെ എന്‍ജിനിയറിംഗ് കേളേജുകളില്‍ നിന്നുളള വിദ്യാര്‍ത്ഥികള്‍,അധ്യാപകര്‍ എന്നിവരടക്കം 115 പേര്‍ ശില്പശാലയില്‍ പങ്കെടുത്തു. സംസ്ഥാന സഹകരണ വകുപ്പ് കിലയുമായി സഹകരിച്ചാണ് ശില്പശാല സംഘടിപ്പിച്ചത്.
ജവഹര്‍ സഹകരണഭവനില്‍ നടന്ന യോഗത്തില്‍ സഹകരണവകുപ്പു സെക്രട്ടറി മിനി ആന്റണി സ്വാഗതം പറഞ്ഞു. യോഗത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം പ്രസിഡന്റ് രമേശന്‍ പാലേരി അധ്യക്ഷനായിരുന്നു.25 വര്‍ഷമായി ഐക്യരാഷ്ട്രസഭയില്‍ ദുരന്തനിവാരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന യു.എന്‍.ഡി.പിയിലെ മുന്‍ എമര്‍ജന്‍സി അനലിസ്റ്റ് ജി. പത്മനാഭന്‍ ആമുഖ പ്രഭാഷണം നടത്തി. റവന്യൂ സെക്രട്ടറി പി.എച്ച്.കുര്യന്‍, സഹകരണസംഘം രജിസ്ട്രാര്‍ എസ്.ഷാനവാസ് ഐ.എ.എസ്, കില ഡയറക്ടര്‍ ഡോ.ജോയ് ഇളമണ്‍, ശുചിത്വ മിഷന്‍ ഡയറക്ടര്‍ ഡോ.ആര്‍ .അജയകുമാര്‍ വര്‍മ എന്നിവര്‍ സംസാരിച്ചു.
സമ്മേളനത്തിനു ശേഷം നടന്ന ടെക്‌നിക്കല്‍ സെഷനില്‍ ദുരന്തബാധിതപ്രദേശങ്ങളില്‍ നിര്‍മ്മിക്കാനാകുന്ന വിവിധ ഇനം ഭവന മാതൃകകളുടെ അവതരണം നടന്നു. ഹാബിറ്റാറ്റ്, കോസ്റ്റ്‌ഫോര്‍ഡ്, തിരുവനന്തപുരം സി.ഇ.ടി, രാജഗിരി എം.എ കോളേജ്, കുസാറ്റ്,  കോഴിക്കോട് എന്‍.ഐ.ടി,  കോഴിക്കോട് എം.ഡി.ഐ.ടി,  വടകര സി.ഇ  (കേപ്പ്) തലശേരി(കേപ്പ്),  ആറന്‍മുള,  കിടങ്ങൂര്‍(കേപ്പ്) എന്‍ജിനിയറിംഗ് കോളേജുകള്‍, തൃശൂര്‍ എന്‍ജിനിയറിംഗ് കോളേജ്,  ആര്‍.ഐ.ടി കോട്ടയം, ന്യൂ ഡല്‍ഹി ആര്‍ക്കേഡ്  എന്നീ സ്ഥാപനങ്ങള്‍ തയ്യാറാക്കിയ മാതൃകകളുടെ അവതരണമാണ് നടന്നത്. ഈ അവതരണങ്ങളോട് പ്രതികരിച്ചു കൊണ്ട് ചെന്നൈ ഐ.ഐ.റ്റി പ്രൊഫസര്‍. ഡോ.ദേവദാസ് മേനോന്‍,  പി.ഡബ്‌ളിയു.ഡി ചീഫ് ആര്‍ക്കിടെക്ക് പി.എസ്.രാജീവ്, പി.ഡബ്‌ളിയു.ഡി  ചീഫ് എന്‍ജിനിയര്‍ ഇ.കെ. ഹൈദ്രൂ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, കില ഡയറക്ടര്‍ ഡോ.ജോയ് ഇളമണ്‍ എന്നിവര്‍ സംസാരിച്ചു. അവതരിപ്പിച്ച എല്ലാ മാതൃകകളേയും ഒന്നുകൂടി വിലയിരുത്തി ഓരോ ജില്ലയില്‍ നിന്നുള്ള ഉപഭോക്താക്കളെ കൂടി ഉള്‍പ്പെടുത്തിയുള്ള യോഗത്തിനു ശേഷമായിരിക്കും അടുത്ത ഘട്ടം ആരംഭിക്കുക. എന്‍ജിനിയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളുടെ സേവനം കൂടി ഉപയോഗിക്കാനും നിര്‍ദ്ദേശമുണ്ടായി .കേപ്പ് ഡയറക്ടര്‍ ഡോ.ആര്‍. ശശികുമാര്‍ നന്ദി പ്രകാശിപ്പിച്ചു. അഞ്ച് ലക്ഷം രൂപ വീതമാണ് 1500 പേരുടെ ഭവനനിര്‍മ്മാണത്തിന് സഹകരണ പ്രസ്ഥാനം ചെലവഴിക്കുക.