പത്തനംതിട്ട: പ്രളയത്തിന് ശേഷവും സഞ്ചാരികളെ ആകര്‍ഷിച്ച് ആങ്ങമൂഴി കുട്ടവഞ്ചി സവാരി. ഗവിയിലേക്കുള്ള സഞ്ചാരികള്‍ കടന്നുപോകുന്ന പ്രധാന ഭാഗമായിരുന്ന കിളിയെറിഞ്ഞാംകല്ല് ചെക്ക് പോസ്റ്റിന് സമീപമാണ് ആങ്ങമൂഴി കുട്ടവഞ്ചി സവാരി കേന്ദ്രം. പ്രളയശേഷം ഗവിയിലേയ്ക്കുള്ള പ്രവേശനം താല്‍ക്കാലികമായ നിര്‍ത്തിയ സാഹചര്യത്തിലാണ് ആങ്ങമൂഴിയില്‍ സഞ്ചാരികളുടെ തിരക്ക് കൂടിയത്. രാവിലെ ആറര മുതല്‍ സഞ്ചാരികള്‍ക്ക് ഇവിടേയ്ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. പൂര്‍ണമായും വനത്തിലൂടെയുള്ള കുട്ടവഞ്ചി സവാരി ആസ്വദിക്കാന്‍ ദിവസവും നിരവധി ആളുകളാണ് ഇവിടെയെത്തുന്നത്. സീതത്തോട് ഗ്രാമപഞ്ചായത്തിന്റെ കീഴില്‍ ആരംഭിച്ച പദ്ധതിയുടെ മേല്‍നോട്ടം സീതത്തോട് ഗവി ജനകീയ ടൂറിസം ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കമ്മിറ്റിയ്ക്കാണ്. 16 കുട്ടവഞ്ചികളാണ് സഞ്ചാരികള്‍ക്കായി ഇവിടെയുള്ളത്. ഒരു കുട്ടവഞ്ചിയില്‍ ലൈഫ് ഗാര്‍ഡ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാം. നാല് പേര്‍ക്ക്  400 രൂപയാണ് ഒരു സവാരിക്ക് ഈടാക്കുന്നത്. 17 ജീവനക്കാരാണ് ഇവിടെ സഞ്ചാരികളുടെ സേവനത്തിനായുള്ളത്. കൂടാതെ സഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി ലൈഫ് ജാക്കറ്റുകളും മറ്റ് സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ടൂറിസം വകുപ്പ് രണ്ട് കോടി രൂപയുടെ പദ്ധതി സവാരി കേന്ദ്രത്തില്‍ വിഭാവനം ചെയ്തിട്ടുണ്ട്. ട്രീഹട്ട്, കയാക്കിംങ്, നടപ്പാത, ഫാമിലിപാര്‍ക്ക്, ഊഞ്ഞാല്‍, ബയോടോയ്‌ലറ്റ്, ഇരിപ്പിടങ്ങള്‍ എന്നിവയുള്‍പ്പെടുത്തിയിട്ടുള്ളതാണ് പദ്ധതി. കുടുംബശ്രീ കഫേ നിര്‍മാണത്തിന്റെ പണികള്‍ അന്തിമഘട്ടത്തിലാണ്. കുട്ടികള്‍ക്കായുള്ള പാര്‍ക്കും ഇവിടെയൊരുക്കിയിട്ടുണ്ട്. പൂര്‍ണമായും ഒരു ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ഇക്കോ ടൂറിസം പദ്ധതി എന്ന പ്രത്യേകതയും ആങ്ങമൂഴി കുട്ടവഞ്ചി സവാരിക്കുണ്ട്. കഴിഞ്ഞവര്‍ഷം ജൂണിലാണ് ആങ്ങമൂഴിയില്‍ കുട്ടവഞ്ചി സവാരി ആരംഭിച്ചത്. ഗവിയിലേയ്ക്ക് ആങ്ങമൂഴിയില്‍ നിന്നും 65 കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളൂ.