താമരശ്ശേരി ചുരത്തിന്റെ താളത്തിൽ ആറാടി എറണാകുളം മറൈൻ ഡ്രൈവ്. ഒരു കൂട്ടം യുവാക്കൾ സംഗീതത്തിൽ ആവേശിച്ചപ്പോൾ ഒപ്പം നൂറു കണക്കിന് പേരാണ് അവർക്കൊപ്പം ഇളകിയാടിയത്. എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയുടെ നാലാം ദിവസമായി പ്രമുഖ സംഗീത ബാന്റായ താമരശ്ശേരി ചുരത്തിന്റെ ലൈവ് ഷോ അരങ്ങേറിയത്.

ഇന്ത്യൻ, പോപ്പ്, റോക്ക് സംഗീതങ്ങളുടെ സമ്മിശ്ര രൂപമായിരുന്നു സംഘം അവതരിപ്പിച്ചത്. മറൈൻ ഡ്രൈവിലെ വേദിയിൽ മാസ്മരിക വേദിയിൽ താമരശ്ശേരി ചുരം ടീം അരങ്ങുവാണപ്പോൾ കൊച്ചിയുടെ മണ്ണിൽ ആസ്വാദകഹൃദയങ്ങൾ താളത്തിൽ ചുവടു വെച്ചു. മൈതാനത്തുണ്ടായിരുന്ന കാണികൾ നിറഞ്ഞ കൈയടികളോടെയാണ് ഓരോ ഗാനത്തെയും എതിരേറ്റത്.

മാസ്മരിക സംഗീതജ്ഞൻ എ.ആർ റഹ്മാന്റെ ചെന്നൈയിലുള്ള കെ.എം മ്യൂസിക് കൺസർവേറ്ററിയിൽ പരിശീലനം നേടിയ ആദർശ് ലതീഷ് എന്ന 16 വയസുകാരനായിരുന്നു ഷോയുടെ മുഖ്യ ആകർഷണം. ആദർശ് ഡ്രംസിൽ കാണിച്ച മായാജാലം യുവത ഒന്നടങ്കം നെഞ്ചേറ്റി. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത മ്യൂസിക് ഇന്ത്യ റിയാലിറ്റി ഷോയിലൂടെ പ്രശസ്തരായ ആദർശും സഹോദരൻ അഞ്ചയും ചേർന്ന് 2010ലായിരുന്നു ബാന്റ് രൂപീകരിച്ചത്. ഇന്ത്യയിലും വിദേശത്തുമായി നൂറു കണക്കിന് വേദികൾ പിന്നിട്ട ശേഷമാണ് എന്റെ കേരളം വേദിയിലെത്തിയത്.

ന്യൂജൻ ഗാനങ്ങൾക്കൊപ്പം കേട്ടു മറന്ന നിത്യ ഹരിത ഗാനങ്ങളും ഫ്യൂഷൻ സംഗീതത്തിന്റെ അകമ്പടിയോടെ വേദിയിലെത്തിയപ്പോൾ പ്രായഭേദമന്യേ ഏവരെയും ആകർഷിക്കാൻ കഴിഞ്ഞു. മേളയുടെ ഭാഗമായി ഏപ്രില്‍ അഞ്ചിന് ഗസൽ സന്ധ്യയായ അലോഷി പാടുന്നു, ഏപ്രില്‍ ആറിന് ആട്ടം ചെമ്മീന്‍ ബാന്‍ഡിന്റെ ഫ്യൂഷന്‍ പരിപാടി, അവസാന ദിവസമായ ഏപ്രില്‍ എട്ടിന് ഗിന്നസ് പക്രുവിന്റെ മെഗാ ഷോ തുടങ്ങിയ പരിപാടികള്‍ നടക്കും.