എയർ കണ്ടീഷൻ ചെയ്ത 66 തീം സ്റ്റാളുകൾ. 103 വാണിജ്യ സ്റ്റാളുകൾ. ഏപ്രിൽ 11 മുതൽ 17 വരെ നടക്കുന്ന സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ പൊലീസ് മൈതാനിയിയിൽ ഒരുങ്ങുന്നത് അത്യാകർഷകമായ ‘എന്റെ കേരളം’ മെഗാ എക്സിബിഷൻ. യുവതയുടെ കേരളം: കേരളം ഒന്നാമത്’എന്നതാണ് പ്രദർശനത്തിന്റെ ആശയം. വിദ്യാഭ്യാസം, തൊഴിൽ, സാങ്കേതിക വിദ്യ എന്നിവയിലൂന്നിയ യൂത്ത് സെഗ്‌മെൻറാണ് ഇത്തവണത്തെ എക്‌സിബിഷന്റെ പ്രധാന ആകർഷണം. ഏപ്രിൽ 11ന് വൈകീട്ട് അഞ്ച് മണിക്ക് രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎയുടെ അധ്യക്ഷതയിൽ പട്ടികജാതി പട്ടിക വർഗ പിന്നാക്ക ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ മെഗാ എക്സിബിഷൻ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളും സേവനങ്ങളും ജനങ്ങളിൽ എത്തിക്കുന്ന സ്റ്റാളുകൾ, ബിസിനസ് ടു ബിസിനസ് മീറ്റുകൾ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. വ്യവസായ വാണിജ്യം, കൃഷി വകുപ്പുകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബി ടു ബി മീറ്റുകളിൽ സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമുള്ള സംരംഭകർക്ക് ബയേഴ്സുമായി നേരിട്ട് സംവദിക്കാൻ അവസരമൊരുക്കും. സ്പോർട്സ് ഏരിയ, കുട്ടികൾക്കായി അമ്യൂസ്മെന്റ് ഏരിയ എന്നിവയും പ്രദർശനത്തിലൊരുക്കും. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ കലാസാംസ്‌കാരിക പരിപാടികളും അരങ്ങേറും. വിവിധ സംരംഭങ്ങളുടെയും സർക്കാർ ഏജൻസികളുടെയും സ്റ്റാളുകൾ, കേരളത്തിന്റെ നേട്ടങ്ങളുടെ പ്രദർശനം, ടൂറിസം പവലിയൻ, കിഫ്ബി സ്റ്റാൾ, ചർച്ചകൾ നടത്താനുള്ള ഇടം, കുടുംബശ്രീ ഫുഡ് കോർട്ട് എന്നിവ മേളയിലുണ്ടാകും.
വിവിധ വകുപ്പുകളുടെ സേവനങ്ങൾ, പദ്ധതികൾ, വിദ്യാഭ്യാസം, തൊഴിൽ, കലാ, സാംസ്‌കാരികം, കൃഷി തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവയും പ്രദർശനത്തിലുണ്ട്. ഭിന്നശേഷിക്കാരുടെ ഉൽപ്പന്നങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവയുടെ പ്രദർശവും വിൽപ്പനയും, മാലിന്യ ലഘൂകരണ പരിപാലന മേഖലയിലെ ബെസ്റ്റ് പ്രാക്ടീസ്, മാലിന്യ സംസ്‌കരണ മാർഗങ്ങൾ, സംവിധാനങ്ങൾ എന്നിവ പരിചയപ്പെടുത്താനും വിൽപ്പന നടത്താനുമുള്ള ഏരിയ എന്നിവയുമുണ്ടാകും.