വനാതിര്‍ത്തി പ്രദേശങ്ങളില്‍ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയില്‍ രണ്ട് ദിവസങ്ങളിലായി നടത്തിയ വന സൗഹൃദ സദസ്സില്‍ 33 പേര്‍ക്കായി 12,63,530 രൂപയുടെ ധന സഹായം നല്‍കുന്നതിനുള്ള ഉത്തരവ് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ വിതരണം ചെയ്തു. 11,66,829 രൂപ നഷ്ടപരിഹാരം നല്‍കാനായുള്ള ഉത്തരവുകളാണ് ബത്തേരിയില്‍ നടന്ന വനസൗഹൃദ സദസ്സില്‍ കൈമാറിയത്.  മാനന്തവാടിയില്‍ നടന്ന വനസൗഹൃദ സദസ്സില്‍ 96,701 രൂപയുടെ ധന സഹായ ഉത്തരവാണ് കൈമാറിയത്.

മാനന്തവാടിയില്‍ 10 പേര്‍ക്കുള്ള നഷ്ടപരിഹാരവും സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന വന സൗഹൃദ സദസ്സില്‍ 23 പേര്‍ക്കുമാണ് ഉത്തരവ് കൈമാറിയത്. കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരണമടഞ്ഞ മേപ്പാടി അരണമല കോളനിയിലെ മോഹനന്റെ മക്കളായ ശ്രീക്കുട്ടന്‍, മോഹിനി എന്നിവര്‍ക്ക് രണ്ടരലക്ഷം രൂപ വീതം നഷ്ടപരിഹാരം ചടങ്ങില്‍  വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനും പട്ടികജാതി പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണനും ചേര്‍ന്ന് കൈമാറി. കാട്ടുപന്നി ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് മരണപ്പെട്ട മേപ്പാടി സ്വദേശി മുഹമ്മദ് യാമിന്റെ അച്ഛന്‍ ഷമീറിനുള്ള അഞ്ച്‌ ലക്ഷം രൂപയുടെ നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച ഉത്തരവും മന്ത്രി ചടങ്ങില്‍ കൈമാറി. വിവിധ കാരണങ്ങളാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ള 20 പേര്‍ക്കും നഷ്ട പരിഹാരം നല്‍കുന്നത് സംബന്ധിച്ച ഉത്തരവുകളും ചടങ്ങില്‍ കൈമാറി.