ഉള്‍നാടന്‍ പ്രദേശങ്ങളിലെ നദികളുടെ സൗന്ദര്യവും  നാടന്‍കലകളും  കൈത്തറിയും കൈത്തൊഴിലുമെല്ലാം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനൊരുങ്ങി ജില്ല. ഇത് കൂടുതല്‍ സുഗമമാക്കുന്നതിനായി ആവിഷ്‌കരിച്ച മലനാട് മലബാര്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി ഒരുക്കുന്ന ബോട്ടുജെട്ടികള്‍ ഉദ്ഘാടനസജ്ജമായി. പ്രാദേശിക വിനോദ സഞ്ചാര മേഖലയെ ഏകോപിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.ഉള്‍പ്രദേശങ്ങളിലെ ടൂറിസം സാധ്യതകള്‍ വിപുലീകരിച്ച് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനാണ് ടൂറിസം വകുപ്പ് ശ്രമിക്കുന്നത്.
കവ്വായി കാലികടപ്പുറം മുക്കുവച്ചേരി,പുന്നക്കടവ്,മയ്യഴിപ്പുഴയോട് ചേര്‍ന്ന് ചൊക്ലി ഗ്രാമപഞ്ചായത്തിലെ ഒളവിലം പ്രദേശത്തുള്ള പാത്തിക്കല്‍,കക്കടവ്,അഞ്ചരക്കണ്ടി പുഴയിലെ ചേരിക്കല്‍, മമ്പറം, പാനൂര്‍ നഗരസഭാ പരിധിയിലെ കരിയാട്,പെരിങ്ങത്തൂര്‍ എന്നീ ബോട്ട് ജെട്ടികളാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിനൊരുങ്ങുന്നത്.

ബോട്ട്‌ജെട്ടികളുടെ പ്രവര്‍ത്തനമാരംഭിക്കുന്നതിലൂടെ ഉള്‍നാടന്‍ ജലഗതാഗതം എളുപ്പമാവും. അതിലൂടെ ഈ പ്രദേശങ്ങളിലെ വിനോദ സഞ്ചാര മേഖലയുടെ വികസനത്തോടൊപ്പം  കച്ചവട സാദ്ധ്യതകള്‍ കൂടി മെച്ചപ്പെടും .
4.5 കോടി രൂപ ചെലവിലാണ് മുക്കുവച്ചേരി ബോട്ടുജെട്ടി നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. അഞ്ചരക്കണ്ടി പുഴയില്‍ നിര്‍മ്മിക്കുന്ന ചേരിക്കല്‍ ബോട്ടുജെട്ടി നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് 3.2 കോടി രൂപ ചെലവിലായിരുന്നു. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ കഴിയും വിധത്തില്‍ ഹൗസ് ബോട്ടുകളും ചെറുബോട്ടുകളുമടക്കം അടുപ്പിക്കാന്‍ കഴിയും വിധമാണ് ചേരിക്കലില്‍ ബോട്ട് ജെട്ടി നിര്‍മ്മിച്ചിട്ടുള്ളത്. കക്കടവ്,കരിയാട് ബോട്ട് ജെട്ടികളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് 2.8 കോടി രൂപ വീതം ചെലവിട്ടായിരുന്നു.പാത്തിക്കല്‍,പുന്നക്കടവ് ബോട്ടുജെട്ടികള്‍ 1.7 കോടി രൂപ വീതം ചെലവിട്ടാണ് പൂര്‍ത്തിയാക്കിയത്. പെരിങ്ങത്തൂര്‍ ബോട്ടുജെട്ടി നിര്‍മാണത്തിനായി 96 ലക്ഷം രൂപയും മമ്പറം ബോട്ടുജെട്ടിക്കായി 91 ലക്ഷംരൂപയുമാണ് ചെലവാക്കിയത്.

മലനാട്- മലബാര്‍ റിവര്‍ ക്രൂസ് ടൂറിസത്തിന്റെ ഭാഗമായി നേരത്തെ തന്നെ പഴയങ്ങാടി, പറശ്ശിനിക്കടവ്, മോന്താല്‍ തുടങ്ങിയ സ്ഥലങ്ങളിലെ ബോട്ട് ടെര്‍മിനലുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി.
ഉത്തര കേരളത്തിലെ പുഴകളിലൂടെ ബോട്ട് യാത്രയ്ക്കൊപ്പം അവയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളുടെ ചരിത്രം,സംസ്‌കാരം,കല,സംഗീതം,ആചാരങ്ങള്‍,അനുഷ്ഠാനങ്ങള്‍,ആരാധനാ കേന്ദ്രങ്ങള്‍, ആയോധനകലകള്‍,കരകൗശല വസ്തുക്കള്‍,പ്രകൃതി ഭംഗി,കണ്ടല്‍ക്കാടുകള്‍,ഭക്ഷ്യവിഭവങ്ങള്‍ തുടങ്ങി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകങ്ങൾ  കോര്‍ത്തിണക്കിയാണ് മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്. ഓരോ പ്രദേശങ്ങളിലെയും ടൂറിസം സാധ്യതകള്‍ മനസ്സിലാക്കി അതിനനുസരിച്ചുള്ള പദ്ധതികളാണ് ടൂറിസം വകുപ്പ് ആവിഷ്‌കരിക്കുന്നത്. വിദേശ ആഭ്യന്തര സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള സംവിധാനങ്ങളാണ് നടപ്പിലാക്കുന്നത്്. വാട്ടര്‍, ഹെറിറ്റേജ്, തീരദേശം തുടങ്ങിയ മേഖലകളില്‍ ജില്ലയിലെ ടൂറിസം രംഗം  വികസനപാതയിലാണ്.