ചേലോടെ ചെങ്ങോട്ട്കാവ് പദ്ധതിയുടെ ഭാഗമായി ഹരിത കർമ്മസേനയുടെ ഹരിത വാഹനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ അധ്യക്ഷത വഹിച്ചു. 2022-23 വാർഷിക പദ്ധതിയിൽ 3,38,000 രൂപ ചെലവഴിച്ചാണ്‌ ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് ഹരിത കർമ്മസേനക്ക് ഇലക്ട്രിക്കൽ ഗുഡ്സ് ഓട്ടോ നൽകിയത്.

നിലവിൽ വാഹനം വാടകക്ക് എടുത്താണ് ഹരിതസേനാഗങ്ങൾ വീടുകളിൽ നിന്ന് ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ എം സി എഫിൽ എത്തിച്ചിരുന്നത്. പഞ്ചായത്തിലുടനീളം അജൈവ മാലിന്യ ശേഖരണം നടക്കുന്ന ഈ അവസരത്തിൽ ഹരിത വാഹനം വളരെ ഉപകാരപ്രദമാവുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. വീടുകളിൽ ക്യൂ ആർ കോഡ് പതിക്കുന്ന പ്രവർത്തനം ഈ മാസം ആരംഭിക്കും.

ചടങ്ങിൽ സ്ഥിരംസമിതി അധ്യക്ഷൻമാരായ ബേബി സുന്ദർരാജ്, ബിന്ദു മുതിരക്കണ്ടത്തിൽ, ബ്ലോക്ക് പഞ്ചായത്തംഗം ഇ കെ ജുബീഷ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ പ്രദീപൻ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വേണു സ്വാഗതവും ഹരിത കർമ്മ സേന സെക്രട്ടറി ബ്രിജിന നന്ദിയും പറഞ്ഞു.