വയനാട്: പ്രളയത്തില്‍ മുങ്ങിയ നാടിനെ വീണ്ടെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ കൈകോര്‍ത്തു. നവകേരള പുനര്‍നിര്‍മാണത്തിന് കരുത്തേകണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന എല്‍.പി തലം മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ത്ഥികള്‍ നെഞ്ചേറ്റി. കുഞ്ഞു മനസ്സിലെ വലിയ സ്വപ്‌നങ്ങള്‍ക്കായി സ്വരുകൂട്ടിയ തുകയെല്ലാം ഒരു സങ്കടവുമില്ലാതെ അവരെല്ലാം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കി. അത്തരത്തില്‍ കല്‍പ്പറ്റ ഗവ. എല്‍.പി സ്‌കൂളില്‍ ഇന്നലെ താരമായത് രണ്ടാംതരം വിദ്യാര്‍ത്ഥി ആദിത്യനാണ്. ഇലക്ട്രിക് കാര്‍ വാങ്ങാന്‍ ഒരു വര്‍ഷമായി നാണയത്തുട്ടുകള്‍ സൂക്ഷിക്കുന്ന കുടുക്ക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. സ്‌കൂള്‍ അസംബ്ലിയില്‍ വച്ച് പ്രധാനാദ്ധ്യപകന്‍ കെ.അശോക് കുമാര്‍ ഏറ്റുവാങ്ങി. പനിബാധിച്ച് കിടപ്പിലായിരുന്ന എസ്. ആദിത്യന്‍ തന്റെ സമ്പാദ്യം കൈമാറാന്‍ വേണ്ടി മാത്രമാണ് ഇന്നലെ സ്‌കൂളിലെത്തിയത്. കല്‍പ്പറ്റ ഓണിവയല്‍ നിര്‍മാല്യത്തില്‍ സുനിതയുടെ മകനാണ് ഈ കൊച്ചുമിടുക്കന്‍. ദൈനംദിന ചെലവുകള്‍ക്ക് വക കണ്ടെത്താന്‍ വിഷമിക്കുന്ന സുനിത മകനെ സ്‌കൂളിലെത്തിച്ച് അവിടെ ഉച്ചഭക്ഷണമുണ്ടാക്കാനും മറ്റും സഹായിച്ചാണ് പലപ്പോഴും മടങ്ങാറ്. കേരളത്തെ വീണ്ടെടുക്കാനുള്ള യജ്ഞത്തില്‍ ആവേശമുള്‍ക്കൊണ്ട് നാലാം ക്ലാസുകാരന്‍ നിരഞ്ജനും ഒന്നാം ക്ലാസുകാരി നിബിക്ഷയും തങ്ങളുടെ കൊച്ചുസമ്പാദ്യം പ്ലാസ്റ്റിക് കവറുകളിലാക്കി പ്രധാനാദ്ധ്യാപകനെ ഏല്‍പ്പിച്ചു. മുണ്ടേരി ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ഫണ്ട് ശേഖരണം പ്ലസ്ടു വിദ്യാര്‍ത്ഥി ഷാന്‍ ഇഖ്ബാലില്‍ നിന്ന് തുക സ്വീകരിച്ച് പ്രിന്‍സിപ്പാള്‍ പി.ടി സജീവന്‍ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരായ വി. അനില്‍കുമാര്‍, എം. ഷീബ, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രളയശേഷമുള്ള നാടിന്റെ പുനര്‍നിര്‍മാണത്തിനായി സ്‌കൂളുകളിലെയും വിവിധ വകുപ്പുകളുടെയും സര്‍വകലാശാലകളുടെയും കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള ഫണ്ട് ശേഖരണ യജ്ഞം ഇന്നും തുടരും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയം, നവോദയ സ്‌കൂളുകള്‍ നിന്നടക്കം ഫണ്ട് സ്വരൂപിക്കും. പ്രളയബാധിത മേഖലകളില്‍ നേരത്തെ വിദ്യാര്‍ത്ഥികള്‍ നടത്തിയ ശ്രദ്ധേയ ഇടപെടലുകള്‍ക്കു പുറമെയാണ് പ്രത്യേക ദിവസങ്ങള്‍ നിശ്ചയിച്ച് ഫണ്ട് ശേഖരണ യജ്ഞം നടത്തുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍, ശുചീകരണം, വിദ്യാഭ്യാസ സാമഗ്രികള്‍ നഷ്ടപ്പെട്ടവരെ സഹായിക്കല്‍, ചെറുസമ്പാദ്യങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കല്‍ തുടങ്ങി തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ വിദ്യാത്ഥികള്‍ നേരത്തെ ചെയ്തിരുന്നു. സ്വര്‍ണാഭരണങ്ങളും സ്ഥലങ്ങളുമടക്കം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത കുട്ടികളുമുണ്ട്. രണ്ടുദിവസങ്ങളിലായി നടന്നുവരുന്ന സ്‌കൂളുകളില്‍ നിന്നുള്ള ധനസമാഹരണം സെപ്റ്റംബര്‍ 12 അവസാനിക്കും.
