കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ (KAT) അഡ്മിനിസ്ട്രേറ്റീവ് അംഗം രാജേഷ് ദിവാന് യാത്രയയപ്പ് നൽകി. നാലര വർഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം പദവിയിൽ നിന്ന് വിരമിക്കുന്നത്. 32 വർഷത്തെ കേന്ദ്ര- സംസ്ഥാന പൊലീസ് സേനകളിലെ സേവനത്തിന് ശേഷം അഡ്മിനിസ്ട്രേറ്റീവ് അംഗമായി ചുമതലയേറ്റ രാജേഷ് ദിവാൻ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ജുഡീഷ്യൽ ഓഫിസറെന്ന നിലയിൽ തിളങ്ങിയെന്ന് യാത്രയയപ്പ് യോഗത്തിൽ KAT ചെയർമാൻ ജസ്റ്റിസ് സി.കെ അബ്ദുൾ റഹീം പറഞ്ഞു.
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സംതൃപ്തനാണെന്ന് മറുപടി പ്രസംഗത്തിൽ രാജേഷ് ദിവാൻ പറഞ്ഞു. പൊലീസ് വകുപ്പിൽ നിന്ന് വ്യത്യസ്തമായി നിരവധി പുതിയ കാര്യങ്ങൾ പഠിക്കാൻ സാധിച്ചു. എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച ശക്തമായ സമൂഹമാണ് കേരളത്തിന്റെ ശക്തിയെന്ന് തിരിച്ചറിയാൻ ഇക്കാലയളവിൽ സാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജുഡീഷ്യൽ അംഗങ്ങളായ പി. വി ആശ, എം.ആർ ശ്രീലത, അഡ്മിനിസ്ട്രേറ്റിവ് അംഗങ്ങളായ കെ. പ്രദീപ് കുമാർ, പി.കെ കേശവൻ, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ അഡ്വക്കേറ്റസ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എം.ഫത്താഹുദ്ദീൻ, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ അഡ്വക്കേറ്റസ് അസോസിയേഷൻ എറണാകുളം സെക്രട്ടറി അഡ്വ. പ്രശാന്ത് സുഗതൻ, കേരള അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കെ.പി ജയചന്ദ്രൻ, തിരുവനന്തപുരം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ആനയറ ഷാജി തുടങ്ങിയവർ പങ്കെടുത്തു.