റോഡ് അപകടങ്ങൾ കുറയ്ക്കുകയെന്ന ലക്ഷ്യത്തിൽ സംസ്ഥാന സർക്കാർ രൂപം നൽകിയ സേഫ് കേരള പദ്ധതി ഉടൻ ആരംഭിക്കുമെന്നു ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ. മോട്ടോർവാഹന നിയമ ലംഘനങ്ങൾ കർശനമാക്കിയും സുരക്ഷാസംവിധാനങ്ങളും ബോധവത്കരണവും ഊർജിതമാക്കിയും അപകടങ്ങൾ കുറയ്ക്കാനുള്ള ശ്രമമാണു നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. കാട്ടാക്കട സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫിസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഇപ്പോഴുണ്ടാകുന്ന റോഡ് അപകടങ്ങളിൽ 50 ശതമാനമെങ്കിലും കുറയ്ക്കുക എന്നതാണു സേഫ് കേരളയിലൂടെ ലക്ഷ്യമിടുന്നതെന്നു മന്ത്രി പറഞ്ഞു. കേരളത്തിൽ ഒരു വർഷം ശരാശരി 45000 പേർക്ക് റോഡ് അപകടങ്ങളിൽ പരുക്കേൽക്കുന്നതായും ഇതിൽ 10 ശതമാനം പേർ മരണപ്പെടുന്നതായുമാണു കണക്ക്. അപകടത്തിൽപ്പെടുന്നവരിൽ മുഖ്യ പങ്കും യുവാക്കളാണ്. അമിതവേഗവും നിയമങ്ങൾ പാലിക്കുന്നലെ അലംഭാവവുമാണ് അപകടങ്ങൾക്കു മുഖ്യ കാരണം. റോഡ് അപകടങ്ങളിൽ വിലപ്പെട്ട ജീവനുകൾ പൊലിയുന്ന സ്ഥിതി കുറയ്ക്കാൻ സേഫ് കേരള വഴി കഴിയുമെന്നും മന്ത്രി പറഞ്ഞു.
പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ആഘോഷ പരിപാടികളൊന്നുമില്ലാതെയായിരുന്നു ഉദ്ഘാടനം. ഐ.ബി. സതീഷ് എം.എൽ.എ. അധ്യക്ഷത വഹിച്ച ചടങ്ങിൽ എ. സമ്പത്ത് എം.പി. മുഖ്യ പ്രഭാഷണം നടത്തി. കെ.എസ്. ശബരീനാഥൻ എം.എൽ.എ, ട്രാൻസ്‌പോർട്ട് കമ്മിഷണർ കെ. പത്മകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്റ്റീഫൻ, കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് എസ്. അജിത എന്നിവർ പ്രസംഗിച്ചു.
കെ.എൽ. 74 ആണ് കാട്ടാക്കട സബ് ആർ.ടി. ഓഫിസിന്റെ കോഡ്. ഇന്നു മുതൽ ഇവിടെ വാഹനങ്ങൾ രജിസ്റ്റർ ചെയ്തു തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.