വിദേശത്തുനിന്നു തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ദുരിതാശ്വാസ സാധനങ്ങൾ കെട്ടിക്കിടക്കുന്നില്ലെന്നും സമയബന്ധിതമായി വിവിധ കേന്ദ്രങ്ങളിലേക്ക് അയച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടർ ഡോ. കെ. വാസുകി.
340.8 ടൺ ദുരിതാശ്വാസ സാമഗ്രികളാണ് ഇന്നുവരെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയിട്ടുള്ളതെന്നും ഇതിൽ 261.583 ടൺ സാധനങ്ങൾ പ്രളയബാധിത മേഖലകളിലേക്ക് അയച്ചുകഴിഞ്ഞതായും കളക്ടർ പറഞ്ഞു. ശേഷിക്കുന്ന 79.21 ടൺ സാധനങ്ങൾ സ്വകാര്യ വ്യക്തികളുടെ പേരിൽ എത്തിയതാണ്. അവർ എത്തി കൈപ്പറ്റുന്ന മുറയ്ക്കു സാധനങ്ങൾ കൈമാറുമെന്നും കളക്ടർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വിദേശത്തുനിന്നു വലിയ രീതിയിൽ സഹായം വരുന്നുണ്ടെന്നും അതൊന്നും നഷ്ടപ്പെടാതെ ലക്ഷ്യസ്ഥാനത്തെത്തിക്കുകയാണു ലക്ഷ്യമെന്നും കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ ജി. വിവേകാനന്ദ് പറഞ്ഞു. നൂറോളം സ്വകാര്യ വ്യക്തികളുടെ പേരിലാണു സാധനങ്ങൾ എത്തുന്നത്. ഇവ എത്രയും വേഗം കൈപ്പറ്റണമെന്ന കാര്യം അതാതു വ്യക്തികളെ വിളിച്ച് അറിയിക്കുന്നുണ്ട്. ചരക്കുകൾ കൈമാറുന്നതിൽ കസ്റ്റംസിന്റെ ഭാഗത്തുനിന്നു കാലതാമസമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ അനിൽ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ അനു എസ്. നായർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.