ശബരിമല: മുൻ ചീഫ് സെക്രട്ടറി ആർ.രാമചന്ദ്രൻ നായർ തുളസീവനം എന്ന തൂലികാ നാമത്തിൽ രചിച്ച ഭക്തിരസ പ്രധാനമായ സംസ്‌കൃത കീർത്തനങ്ങൾ ആലാപിക്കുന്ന സംഗീത സദസ് സന്നിധാനം ഓഡിറ്റോറിയത്തിൽ നടന്നു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. 45 വർഷമായി എല്ലാ വൃശ്ചികം ഒന്നിനും തുളസീവനം സംഗീത സദസ് സന്നിധാനത്ത് നടത്താറുണ്ട്. മൂഴിക്കുളം ഹരികൃഷ്ണന്റെ ആലാപനത്തിനൊപ്പം ഉഡുപ്പി ശ്രീജിത്ത് വയലിനും ചങ്ങനാശേരി ജയൻ മൃദംഗവും അവതരിപ്പിച്ചു. ദക്ഷിണേന്ത്യയിലെ മറ്റ് പ്രമുഖ തീർഥാടന കേന്ദ്രങ്ങളിലും തുളസീവനം സംഗീത സദസ് നടത്താറുണ്ട്. ഉദ്ഘാടന ചടങ്ങിൽ ദേവസ്വം പ്രസിഡന്റ് പത്മകുമാർ, ബോർഡ് അംഗങ്ങളായ കെ.രാഘവൻ, കെ.പി.ശങ്കരദാസ്, ദേവസ്വം സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, കെ.രാമൻ പിള്ള, പി.പത്മകുമാർ എന്നിവർ സംബന്ധിച്ചു.