സന്നിധാനത്തെ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിച്ചിട്ടുള്ള ആയിരത്തി അഞ്ഞൂറിലധികം പോലീസ് ഉദ്യോഗസ്ഥര്‍ ചുമതലയേറ്റു. കേരള പോലീസിന്റെ വിവിധ വിഭാഗങ്ങള്‍ക്കൊപ്പം അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് ദ്രുതകര്‍മ്മ സേനാ ബറ്റാലിയനുകളും സേവനമനുഷ്ഠിക്കും. കോയമ്പത്തൂരില്‍ നിന്നുള്ള റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്റെയും(ആര്‍.എ.എഫ്.) ചെന്നൈയില്‍ നിന്നുള്ള എന്‍.ഡി.ആര്‍.എഫിന്റെയും ബറ്റാലിയനുകളും ചുമതലയേറ്റു. രണ്ട് എസ്.പി.മാരുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും സന്നിധാനത്ത് കേരള പോലീസിന്റെ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുക. 1,448 സിവില്‍ പോലീസ് ഓഫീസര്‍മാര്‍, 128 സബ് ഇന്‍സെപെക്ടര്‍മാര്‍, 33 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, 13 ഡി.വൈ.എസ്.പി.മാര്‍ എന്നിവര്‍ ബുധനാഴ്ച രാവിലെ ചുമതലയേറ്റു. ഇവരുടെ ഷിഫ്റ്റ് കാലാവധി കഴിയുന്നതിനനുസരിച്ച് പുതിയ ഉദ്യോഗസ്ഥര്‍ ചുമതലയേല്‍ക്കും. ഇതിനു പുറമെകേരള പോലീസിന്റെ കമാന്‍ഡോ വിഭാഗം, സ്‌പെഷ്യല്‍ ബ്രാഞ്ച്, വയര്‍ലസ് സെല്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സേവനമനുഷ്ടിക്കുന്നുണ്ട്.  തീര്‍ഥാടകരുടെ തിരക്ക് കൂടുന്നതനുസരിച്ച് വരും ദിവസങ്ങളില്‍ ഡ്യൂട്ടിക്കെത്തുന്ന പോലീസുകാരുടെ എണ്ണത്തിലും വര്‍ധനയുണ്ടാകും.
ശബരിമലയില്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍
ശബരിമല: ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ശബരിമല പോലീസ് ചീഫ് കോ-ഓര്‍ഡിനേറ്ററും ആംഡ് പോലീസ് ബറ്റാലിയന്‍ എ.ഡി.ജി.പിയുമായ സുധേഷ് കുമാര്‍ സന്നിധാനത്ത് പറഞ്ഞു. മുന്‍കാലങ്ങളിലെ പോലീസിന്റെ പ്രവര്‍ത്തനങ്ങളും നേരിടേണ്ടി വന്ന പ്രത്യേക സാഹചര്യങ്ങളും വിലയിരുത്തി കൂടുതല്‍ പഴുതടച്ച ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും ഇതിനായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ശബരിമലയിലെയും സമീപ പ്രദേശത്തെയും വ്യോമ നിരീക്ഷണത്തിന് ആളില്ലാ വിമാനങ്ങള്‍(ഡ്രോണ്‍) ഇത്തവണ ഉപയോഗിക്കും. 72 സി.സി. ടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ പരിശോധിക്കും.  ഇതര സംസ്ഥാനങ്ങളിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നേരിട്ട് ബന്ധപ്പെട്ട് സുരക്ഷാ സഹകരണം ഉറപ്പാക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, തെലുങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥര്‍ സന്നിധാനത്തെ കണ്‍ട്രോള്‍ റൂമില്‍ ഇതര സംസ്ഥാന തീര്‍ഥാടകരുടെ സുരക്ഷയില്‍ കേരള പോലീസിനെ സഹായിക്കും. സന്നിധാനത്തെ സുരക്ഷാ ചുമതലയുള്ള രണ്ട് ഐ.ജി.മാരിലൊരാള്‍ എല്ലാ ആഴ്ചയും സന്നിധാനത്തെത്തി സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. അടിയന്തര സാഹചരങ്ങള്‍ നേരിടുന്നതിന് ആര്‍.പി.എഫിന്റെയും എന്‍.ഡി.ആര്‍.എഫിന്റെയും സേവനം ലഭ്യമാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ പോലീസ് സേനാംഗങ്ങളെ നിയോഗിക്കുമെന്നും എ.ഡി.ജി.പി. സുധേഷ് കുമാര്‍ പറഞ്ഞു. ഐ.ജിമാരായ മനോജ് എബ്രഹാം, പി.വിജയന്‍, ലെയ്‌സണ്‍ ഓഫീസര്‍ എന്‍.വിജയകുമാര്‍ എന്നിവരും എ.ഡി.ജിപിക്കൊപ്പം ഉണ്ടായിരുന്നു.