സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കല്‍ ബേയ്‌സ് ക്യാമ്പ് വരെ മാത്രം
ഹില്‍ടോപ്പില്‍ നിന്നു പമ്പ ഗണപതി ക്ഷേത്രത്തിലേക്ക്
പുതിയ പാലം നിര്‍മിക്കും: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
വെള്ളപ്പൊക്കമോ മറ്റു ബുദ്ധിമുട്ടുകളോ ഉണ്ടായാല്‍ തടസം ഉണ്ടാകാത്ത വിധം സ്ഥിരമായ ഒരു പാലം ഹില്‍ടോപ്പില്‍ നിന്ന് പമ്പ ഗണപതി ക്ഷേത്ര അങ്കണത്തിലേക്ക്  നിര്‍മിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് പമ്പയിലെ ദേവസ്വം മരാമത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ടാറ്റാ പ്രോജക്ട് ലിമിറ്റഡ്  ഈ പ്രവൃത്തി ഏറ്റെടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്. 300 മീറ്റര്‍ നീളത്തിലുള്ള ഇടിഞ്ഞു പോയ മതിലും അവര്‍ നിര്‍മിക്കും. ഇതുരണ്ടും കൂടി ബന്ധപ്പെട്ടതാണ്. ഇവിടെ നിന്നു വേണം പമ്പ ഗണപതി ക്ഷേത്ര പരിസരത്തേക്ക് പാലം നിര്‍മിക്കാന്‍. ഈ കാര്യങ്ങളെല്ലാം നല്ല നിലയില്‍ നടക്കും. ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഭംഗിയായി നടക്കുന്നതിന് മുഖ്യമന്ത്രിയുടെ ഇടപെടലും നിര്‍ദേശങ്ങളും എപ്പോഴും ലഭിക്കുന്നുണ്ട്. ഇന്നലെ രാത്രിയും വിളിച്ച് പമ്പയിലെ കാര്യങ്ങള്‍ അദ്ദേഹം വിലയിരുത്തി. ശബരിമല സന്നിധാനത്തേക്ക് അയ്യപ്പന്മാരെ ദര്‍ശനത്തിനായി എത്തിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അതീവ താല്‍പര്യത്തോടെയാണ് ഇടപെടുന്നത്. ദേവസ്വം ബോര്‍ഡിനെ സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണ വളരെ പ്രധാനപ്പെട്ടതാണ്. തീര്‍ഥാടകരുടെ സഹായത്തോടെ ഈ ഉത്സവകാലം നല്ല നിലയില്‍ കൊണ്ടുപോകാന്‍ കഴിയും എന്നാണ് ദേവസ്വം ബോര്‍ഡ് പ്രതീക്ഷിക്കുന്നത്.
 ശബരിമലയില്‍ നൂറു വര്‍ഷക്കാലത്തേക്ക് മനസില്‍ കണ്ടു കൊണ്ടുള്ള ആസൂത്രണം വേണമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ അഭിപ്രായം. വ്യക്തമായ ധാരണയോടെയുള്ള കാര്യങ്ങളാണ് വേണ്ടത്. ഹില്‍ടോപ്പില്‍ നിന്ന് ഗണപതി ക്ഷേത്ര അങ്കണത്തിലേക്ക് പാലം വന്നാല്‍, നദിയില്‍ എത്ര വെള്ളം പൊങ്ങിയാലും തീര്‍ഥാടകര്‍ക്ക് ദര്‍ശനത്തിന് പോകാന്‍ കഴിയും. സ്ഥിരം സംവിധാനമെന്ന രൂപത്തിലാകും പാലം നിര്‍മിക്കുക. പമ്പയില്‍ രണ്ടു കരകളിലും ദേവസ്വം ബോര്‍ഡിന്റെ കൈവശമുള്ള സ്ഥലത്ത് ടോയ്‌ലറ്റ് സൗകര്യങ്ങളും മറ്റും ഏറ്റവും ആധുനികമായ രീതില്‍ സജ്ജീകരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. നിലയ്ക്കല്‍ ബേയ്‌സ് ക്യാമ്പായി മാറുന്നതോടെ അതിന് ഉതകുന്ന സൗകര്യങ്ങള്‍ അവിടെയും ഉണ്ടാകും. നിലയ്ക്കല്‍, പമ്പ കെഎസ്ആര്‍ടിസി, പാര്‍ക്കിംഗ് ഗ്രൗണ്ട്, ഹില്‍ടോപ്പ് ഇതെല്ലാം ഉള്‍പ്പെടുത്തി ശബരിമലയ്ക്ക് അനുയോജ്യമായ  മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കും.
ഈമാസം 16ന് ആരംഭിക്കുന്ന മാസ പൂജയ്ക്കും നവംബര്‍ 17ന് ആരംഭിക്കുന്ന മണ്ഡല പൂജയ്ക്കും ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യാന്‍ ദേവസ്വം ബോര്‍ഡും ടാറ്റാ പ്രോജക്ട് ലിമിറ്റഡും  തീരുമാനിച്ചിരിക്കുകയാണ്. ഈ പ്രവര്‍ത്തനങ്ങളുടെ കോ-ഓര്‍ഡിനേറ്ററായി ജില്ലാ കളക്ടറെയാണ് നിശ്ചയിച്ചിട്ടുള്ളത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ദേവസ്വം ബോര്‍ഡും ടാറ്റാ പ്രോജക്ട് ലിമിറ്റഡും ചേര്‍ന്ന് പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പൂര്‍ണമായ ചെലവ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വഹിക്കും. പല മേഖലകളില്‍ നിന്നും സഹായം ലഭിച്ചു വരുന്നുണ്ട്. ഈമാസം 16ന് ആരംഭിക്കുന്ന കന്നിമാസ പൂജ മുതല്‍ നിലയ്ക്കല്‍ ബേയ്‌സ് ക്യാമ്പ് വരെ മാത്രമേ സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കുകയുള്ളു. ടുവീലറിനും, ത്രീവീലറിനും ഫോര്‍വീലറിനും ഇതു ബാധകമാണ്. അവിടെനിന്നും കെഎസ്ആര്‍ടിസിയുടെ ബസില്‍ പമ്പയിലേക്ക് എത്തിച്ചേരാം. ശബരിമല മാസ്റ്റര്‍പ്ലാനില്‍ വിഭാവനം ചെയ്തിട്ടുള്ളതാണിത്. ഇതുതന്നെയാണ് നിലവിലുള്ള ദേവസ്വം ബോര്‍ഡിന്റെയും കാഴ്ചപ്പാട്. ശബരിമലയുടെയും പമ്പയുടെയും പവിത്രത കാത്തു സൂക്ഷിക്കാന്‍ കഴിയത്തക്ക രൂപത്തില്‍ നിലയ്ക്കലിനെ ബേയ്‌സ് ക്യാമ്പാക്കി കൊണ്ട് ശബരിമല ദര്‍ശനം മികച്ച രീതിയില്‍ നടത്തണമെന്നാണ് ആഗ്രഹിക്കുന്നത്.
ഈമാസം 16ന് കന്നിമാസ പൂജയ്ക്ക് അയ്യപ്പന്മാര്‍ക്ക് ദര്‍ശനത്തിനായി സന്നിധാനത്തേക്കു പോകാന്‍ കഴിയും. നവംബര്‍ 15ന് മുന്‍പ് എന്തൊക്കെ ആവശ്യങ്ങളുണ്ടോ, അവയെല്ലാം പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. പമ്പയില്‍ സ്‌നാനം ചെയ്യുന്നതിനും പിതൃതര്‍പ്പണം ചെയ്യുന്നതിനും ആവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. വെള്ളപ്പൊക്കത്തില്‍ മണല്‍ വന്നടിഞ്ഞ് നദിയുടെ നീര്‍ത്തടം ഉയര്‍ന്നിട്ടുണ്ട്. ഇതുമൂലം നേരത്തെ കെട്ടിവച്ച കല്‍ക്കെട്ടുകളെല്ലാം മണ്ണിനടിയിലായിപോയി. ഇതു തെളിച്ചെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതു സാധ്യമായാലും ഇല്ലെങ്കിലും പിതൃതര്‍പ്പണത്തിനുള്ള സംവിധാനങ്ങള്‍ ഇപ്രാവശ്യം മുതല്‍ തന്നെയുണ്ടാകും. നദിയെ പഴയ രീതിയില്‍ ആക്കാനാണ് ജലസേചന വകുപ്പ് പദ്ധതി തയാറാക്കിയിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തിലുള്ള പ്രവൃത്തികളും നടത്തും. പമ്പയുടെ പുനര്‍നിര്‍മാണം പഴയതിനെ അതുപോലെ നിലനിര്‍ത്താന്‍ വേണ്ടിയല്ല. അയ്യപ്പന്മാര്‍ക്ക് ശബരിമലയില്‍ പോകാനുള്ള സൗകര്യങ്ങളും അതേപോലെ പാരിസ്ഥിതിക പ്രശ്‌നങ്ങളും നോക്കി മാത്രമേ ചെയ്യുകയുള്ളു. കേരളത്തിന്റെ പുനസൃഷ്ടിയെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞപോലെ തന്നെ ഇന്നത്തെ കാലഘട്ടത്തിന്റെ പ്രത്യേകതകളുമായി യോജിക്കത്തക്ക രൂപത്തിലും അയ്യപ്പന്മാരുടെ താല്‍പര്യങ്ങളും കൂടി സംരക്ഷിച്ചു കൊണ്ടു മാത്രമേ പമ്പയിലെ നിര്‍മാണ പ്രവൃത്തികള്‍ നടത്തുകയുള്ളു. ശബരിമലയിലേക്ക് പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഒരു കാരണവശാലും അനുവദിക്കില്ല. ഇക്കാര്യത്തില്‍ കര്‍ശനമായ നിലപാട് സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബേയ്‌സ് ക്യാമ്പ് സ്ഥിതി ചെയ്യുന്ന സ്ഥലം എന്ന നിലയില്‍ നിലയ്ക്കലായിരിക്കും ടോയ്‌ലറ്റ് സൗകര്യം കൂടുതലായി ഒരുക്കുക. ഇക്കാര്യം തീര്‍ഥാടകര്‍ ശ്രദ്ധിക്കണം. ശബരിമലയിലും പമ്പയിലും ടോയ്‌ലറ്റുകള്‍ കുറവായിരിക്കും. ആവശ്യത്തിനുള്ള ടോയ്‌ലറ്റ് സൗകര്യം സജ്ജീകരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. പമ്പയിലെ ഹോട്ടലുകള്‍ വെള്ളം കയറി നശിച്ചു. മുന്‍പ് ഇവിടെയുണ്ടായിരുന്നതെല്ലാം താല്‍ക്കാലിക ഷെഡ്ഡുകളായിരുന്നു. കരാര്‍ എടുക്കുന്നവര്‍ താല്‍ക്കാലിക ഷെഡ്ഡുകള്‍ വച്ച് ഈ സംവിധാനങ്ങള്‍ ഒരുക്കുയല്ലാതെ സ്ഥിരമായ സംവിധാനം ഒരു കാരണവശാലും നദിക്ക് അകത്ത് അനുവദിക്കുന്ന പ്രശ്‌നമില്ല. ഇപ്പോള്‍ ലേലം പിടിച്ചിട്ടുള്ളവര്‍ക്ക് അതതു സ്ഥലം തന്നെ നല്‍കും. സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കല്‍ വരെയേ വരുന്നുള്ളു എന്നതു കൊണ്ട്, കുറേക്കൂടി സൗകര്യമായി മറ്റ് മേഖലകള്‍ കൊടുക്കണമെങ്കില്‍ അതും ആകാം. കരാറുകാരോട് അപേക്ഷ നല്‍കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ തുകയ്ക്കു ലേലം പിടിച്ചിരിക്കുന്ന ഹോട്ടല്‍ പ്രധാന സ്ഥലത്ത് നല്‍കേണ്ടി വരും. കരാറുകാരുമായി ചര്‍ച്ച ചെയ്ത ശേഷമേ ഇക്കാര്യം തീരുമാനിക്കുകയുള്ളു.
ഈമാസം 16ന് മാസപൂജയ്ക്കു വരുന്നവര്‍ക്ക് അന്നദാനം ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. അയ്യപ്പസേവാസംഘം, അയ്യപ്പസേവാ സമാജം, തുടങ്ങി നിരവധി സംഘടനകള്‍ അന്നദാനത്തിനായി വരാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡും അയ്യപ്പസേവാ സംഘവുമാണ് നേരത്തെ മുതല്‍ അന്നദാനം ചെയ്തു കൊണ്ടിരിക്കുന്നത്. മാസപൂജ കാലത്ത് ഭക്ഷണത്തിന്റെ കാര്യത്തിലോ പ്രാഥമികാവശ്യങ്ങളുടെ കാര്യത്തിലോ, വാഹനത്തിന്റെ കാര്യത്തിലോ ഒരു കുറവും വരുകയില്ല. പമ്പയിലെ നടപ്പന്തലിന്റെ കാര്യത്തില്‍ സ്ഥിരം നിര്‍മിതി വേണ്ട എന്നാണ് തീരുമാനിച്ചിരിക്കുന്നത്. നടപ്പന്തലിന് തറയൊരുക്കും. മുകളിലേക്കുള്ള നിര്‍മിതി താല്‍ക്കാലികമായിരിക്കും. തീര്‍ഥാടകരെ ക്രമീകരിച്ചു വിടാന്‍ പോലീസിന് ആവശ്യമായ ബാരിക്കേടുകള്‍ ഉണ്ടാകും.
കുടിവെള്ള വിതരണത്തിനായി വാട്ടര്‍ അതോറിറ്റി നല്ല നിലയ്ക്കുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്. നിലയ്ക്കല്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട പഴയ കുളം ചെളി കയറി മൂടി കിടക്കുകയാണ്. ഈ കുളം പഴയ രീതിയില്‍ നവീകരിച്ചെടുക്കും. വനം വകുപ്പിന് ഇതുസംബന്ധിച്ച് ഉണ്ടായിരുന്ന തര്‍ക്കം പരിഹരിച്ചിട്ടുണ്ട്. പമ്പയിലെ ആശുപത്രിയില്‍ മാസപൂജയോട് അനുബന്ധിച്ച് താല്‍ക്കാലിക ചികിത്സാ സംവിധാനം ഒരുക്കും. നിലയ്ക്കല്‍ വിപുലമായ പാര്‍ക്കിംഗ് ഒരുക്കുന്നതിന്റെ ഭാഗമായി അവിടെ നില്‍ക്കുന്ന റബര്‍ മരങ്ങളെല്ലാം മുറിച്ചു നീക്കും. ഇതുമായി ബന്ധപ്പെട്ട തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കി അയയ്ക്കും. ഇവര്‍ താമസിക്കുന്ന ലയങ്ങള്‍ ഒഴിപ്പിക്കും.
കഴിഞ്ഞ രണ്ടു പൂജകള്‍ക്കും ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല. സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ശക്തമായി ഇടപെട്ടതിന്റെ അടിസ്ഥാനത്തിലാണ് കന്നിമാസ പൂജയ്ക്ക് തീര്‍ഥാടകര്‍ക്ക് ശബരിമലയില്‍ പോകാന്‍ കഴിയുന്ന സാഹചര്യം ഉണ്ടായിട്ടുള്ളത്. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചതു പോലെ ടാറ്റാ പ്രോജക്ട് ലിമിറ്റഡും പമ്പയിലെ മുഴുവന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തിരിക്കുകയാണ്. ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തു നിന്ന് മൂന്നു ദിവസത്തില്‍ ഒരിക്കല്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ. രാഘവന്‍, ശബരിമല ഉപദേശക സമിതി ചെയര്‍മാന്‍ ടി.കെ.എ. നായര്‍, ദേവസ്വം സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനിയര്‍ ജനറല്‍ വി. ശങ്കരന്‍ പോറ്റി, ചീഫ് എന്‍ജിനിയര്‍ ജി.എല്‍. വിനയകുമാര്‍, അസിസ്റ്റന്റ് എന്‍ജിനിയര്‍ കെ. ഹരീഷ് കുമാര്‍, ടാറ്റാ പ്രോജക്ട് ലിമിറ്റഡ് വൈസ് പ്രസിഡന്റ് രാജ് സിംഗ് തക്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.