ടാര്‍പോളിന്‍ വിരിച്ച കൂരയ്ക്കുള്ളില്‍ കഴിയുന്ന ക്ഷയരോഗിയായ വീട്ടമ്മയ്ക്കും കുടുംബത്തിനും താല്‍ക്കാലിക ഭവനമൊരുക്കി നല്‍കി വനംവകുപ്പ് മാതൃകയായി. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലെ പഴുപ്പത്തൂര്‍ പാത്തിവയല്‍ നായ്ക്ക കോളനിയിലെ ലീലയ്ക്കും കുടുംബത്തിനുമാണ് വനംവകുപ്പ് സഹായവുമായെത്തിയത്. ക്ഷയരോഗിയായ ലീല കോളനിയില്‍ വനത്തോട് ചേര്‍ന്ന പഴയ കൂരയ്ക്കുള്ളില്‍ കിടപ്പിലായിട്ട് വര്‍ഷങ്ങളായി. ഈ ഒറ്റമുറി കൂരയ്ക്കുള്ളിലാണ് ഭര്‍ത്താവും നാലുമക്കളുമടക്കം കഴിയുന്നത്. ഇവര്‍ക്ക് വീട് അനുവദിച്ചെങ്കിലും പ്രവൃത്തി ഏറ്റെടുത്ത കരാറുകാരന്‍ ഇതുവരെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടില്ല. ഇതോടെ ഇവരുടെ ജീവിതം ദയനീയമായി. മഴയും വെയിലുമേറ്റ് കഴിയുന്ന ലീലയുടെയും കുടുംബത്തിന്റെയും അവസ്ഥ നേരത്തെ വാര്‍ത്തയായിരുന്നു. സ്ഥലത്തെത്തിയ കുറിച്യാട് റേഞ്ചിലെ കുപ്പാടി ഫോറസ്റ്റ് സ്്റ്റേഷന്‍ ഉദ്യോഗസ്ഥരും ജീവനക്കാരും കോളനിക്കാര്‍ക്കായി സമീപവാസിയായ പുത്തന്‍പുര ഗോപാലന്‍ ചെട്ടി നല്‍കിയ ഭൂമിയില്‍ താല്‍ക്കാലിക ഭവനമൊരുക്കുകയായിരുന്നു. വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന ലീലയുടെ പുതിയ വീടിന്റെ നിര്‍മാണം വനംവകുപ്പിന്റെ ഇടപെടലിനെതുടര്‍ന്ന് പുനരാരംഭിച്ചിട്ടുമുണ്ട്.