ആലപ്പുഴ: സംസ്ഥാനത്ത് ചൂടുകൂടുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്. പ്രളയത്തിന് ശേഷം മുമ്പെങ്ങുമില്ലാത്ത വിധം അന്തരീക്ഷ താപനില ഉയർന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ കാലാവസ്ഥയിലുണ്ടായിരിക്കുന്ന ഈ പുതിയ മാറ്റങ്ങൾ ജാഗ്രതയോടെ നിരീക്ഷിക്കുകയാണ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജലാശയങ്ങളിലെ വെള്ളത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞതും മിക്ക നദികളിലെ നീരൊഴുക്ക് കുറഞ്ഞതും വേനൽക്കാലത്തെപ്പോലെ പാടങ്ങൾ വിണ്ടുകീറുന്നതുമെല്ലാം ജനങ്ങൾക്കിടയിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.
ആലപ്പുഴ, കോട്ടയം, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് ക്രമീതീതമായി താപനില ഉയർന്നിരിക്കുന്നത്. ഈ ജില്ലകളിൽ സാധാരണ വർഷങ്ങളിലെ സെപ്റ്റംബർ മാസങ്ങളിൽ അനുഭവപ്പെടുന്നതിനെക്കാൾ രണ്ട് ശതമാനം വരെ ചൂട് കൂടിയതായി കാലവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ കെ.സന്തോഷ് പറഞ്ഞു. 24.3 ഡിഗ്രി മുതൽ 35 ഡിഗ്രിവരെയാണ് ഈ പ്രദേശങ്ങളിലിപ്പോഴുള്ള താപനില. മൺസൂൺ ദുർബലമായതും വടക്കുപടിഞ്ഞാറൻ കാറ്റുവീശുന്നതുമാണ് ചൂട് കൂടാൻ കാരണം. സെപ്റ്റംബർ 21വരെ തൽസ്ഥിതി തുടരുമെന്ന പ്രവചനത്തിലാണ് നിരീക്ഷണ കേന്ദ്രം.
കേരളമുൾപ്പെടുന്ന തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം സ്ഥിതിയിതുതന്നെ.വരുന്ന രണ്ടാഴ്ചകളിൽ ചൂട് ഇനിയും ഉയരും.
്പ്രളയം ഏറെ നാശം വിതച്ച ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത്. പകൽ സമയത്താണ് അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്നത്. പതിവിന് വിപരീതമായി അതിരാവിലെ മാത്രമാണ് ജില്ലയിൽ കുറഞ്ഞ ചൂട് അനുഭവപ്പെടുന്നത്. ശരാശരി താപനിലയിലെ വ്യതിയാനത്തിന് പുറമേ ജില്ലയിൽ ഇത്തവണ ലഭിച്ച മഴയും കുറവാണെന്ന് ഡയറക്ടർ വ്യക്തമാക്കി.