കേരള നിയമസഭയുടെ പാർലമെന്ററി പരിശീലന കേന്ദ്രം നടത്തുന്ന പാർലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യർ സർട്ടിഫിക്കറ്റ് കോഴ്സ് ഫലം പ്രസിദ്ധീകരിച്ചതായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എറണാകുളം ചോറ്റാനിക്കര സ്വദേശി ശ്രീജിത്ത് എം. നായർ 400 ൽ 345 മാർക്കോടെ ഒന്നാം റാങ്കിന് അർഹനായി. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി നെൽസൺ ജെ. എളൂക്കുൽേ 339 മാർക്ക് നേടി രണ്ടാം റാങ്കിനും തിരുവനന്തപുരം പൂവാർ സ്വദേശി അനുജ ഗ്ലോറീസ് എസ്.എൽ 322 മാർക്ക് നേടി മൂന്നാം റാങ്കിനും അർഹരായി. പരീക്ഷ എഴുതിയവരിൽ 82.07 ശതമാനം പഠിതാക്കൾ വിജയിച്ചു. 55.6 ശതമാനം പേർക്ക് ഫസ്റ്റ് ക്ലാസും 21.69 ശതമാനം പേർക്ക് സെക്കന്റ് ക്ലാസും ലഭിച്ചു. പരീക്ഷാഫലം നിയമസഭയുടെ വെബ്സൈറ്റിൽ (www.niyamasabha.org) ൽ ലഭ്യമാണ്. പരീക്ഷയിൽ വിജയിക്കാത്തവർക്ക് അടുത്ത അവസരങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണെന്നും ജയിക്കാത്ത പേപ്പറുകൾ മാത്രം എഴുതാൻ അവസരമുണ്ടെന്നും അടുത്ത ബാച്ചിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചുവെന്നും സ്പീക്കർ അറിയിച്ചു.