പറവൂര്‍: പ്രളയത്തില്‍ നഷ്ടമായ രേഖകളുടെ പകര്‍പ്പുകള്‍ നല്‍കി പറവൂര്‍ താലൂക്കില്‍ സര്‍ട്ടിഫിക്കറ്റ് അദാലത്ത് നടന്നു. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ലൈസന്‍സ്, ആര്‍.സി ബുക്ക്, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്, ആധാരം, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് തുടങ്ങിയവയുടെ യഥാര്‍ത്ഥ രേഖകള്‍ക്ക് പകരമായി ഉപയോഗിക്കാന്‍ സാധിക്കുന്ന പകര്‍പ്പുകളാണ് അദാലത്തില്‍ നല്‍കിയത്. ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് എ.ഐ നിഷാദ് രജിസ്‌ട്രേഷന്‍ വകുപ്പില്‍ നിന്നുള്ള രേഖകളുടെ പകര്‍പ്പ് അപേക്ഷകയ്ക്ക് നല്‍കി അദാലത്തിന് തുടക്കം കുറിച്ചു. എറണാകുളം ജില്ലാ ഭരണകൂടത്തിന്റെയും ഐ.ടി മിഷന്റെയും സഹകരണത്തോടെയാണ് അദാലത്ത് നടന്നത്. പറവൂര്‍, വടക്കേക്കര, മൂത്തകുന്നം, ചേന്ദമംഗലം, പുത്തന്‍വേലിക്കര എന്നീ അഞ്ച് വില്ലേജുകളിലെ ജനങ്ങള്‍ക്കായാണ് അദാലത്ത് സംഘടിപ്പിച്ചത്. ഓരോ കൗണ്ടറിലും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥനെ കൂടാതെ ഒന്നോ രണ്ടോ അക്ഷയ സംരംഭകരും ഉണ്ടായിരുന്നു.

ആധാര്‍ 96, എസ്എസ്എല്‍സി 33, ആധാരം 31, ലൈസന്‍സ് 19, ആര്‍ സി ബുക്ക് 15, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് 15, റേഷന്‍ കാര്‍ഡ് 10 എന്നീ രേഖകളുടെ പകര്‍പ്പുകളാണ് അദാലത്തില്‍ നല്‍കിയത്. ഇന്‍ഫോര്‍മേഷന്‍ കേരള മിഷന്റെ സൈറ്റില്‍ ലഭ്യമായ അപേക്ഷകളിലൂടെ 11 ജനന മരണ സര്‍ട്ടിഫിക്കറ്റുകളുടേയും നാല് വിവാഹ സര്‍ട്ടിഫിക്കറ്റുകളുടേയും പകര്‍പ്പുകള്‍ ലഭ്യമാക്കി. പ്രളയത്തില്‍ രേഖകള്‍ നഷ്ടമായവരുടെ വിവരങ്ങള്‍ ശേഖരിച്ചു വയ്ക്കുന്നതിനായി ആരംഭിച്ച ഡിജി ലോക്കര്‍ സംവിധാനത്തില്‍ 143 പേര്‍ രജിസ്റ്റര്‍ ചെയ്തു

പറവൂര്‍ താലൂക്കിലെ മുഴുവന്‍ അക്ഷയ സംരംഭകരും അദാലത്തില്‍ സഹായ ഹസ്തവുമായി എത്തി. അക്ഷയ & ഐടി നിയമം ജില്ലാ പ്രോജക്റ്റ് മാനേജര്‍ എന്‍.എസ് അജിഷ അദാലത്തിന് നേതൃത്വം നല്‍കി. വിവിധ വകുപ്പുകളില്‍ നിന്നുള്ള അന്‍പതോളം ഉദ്യോഗസ്ഥരാണ് അദാലത്തിന് എത്തിയത്.

ഈ മാസം 14 ന് ആലങ്ങാട്, കടുങ്ങല്ലൂര്‍, കരുമാലൂര്‍, ഏലൂര്‍ വില്ലേജുകള്‍ക്കായുള്ള അദാലത്ത് നീറിക്കോട് കവല സഹകരണ ബാങ്ക് ഹാളിലും, 15 ന് വരാപ്പുഴ, കോട്ടുവള്ളി, ഏഴിക്കര വില്ലേജുകള്‍ക്കായുള്ള അദാലത്ത് കൂനമ്മാവ് ചാവറ ദര്‍ശന്‍ ഹാളിലും നടത്തും.

സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നതിങ്ങനെ

അദാലത്തില്‍ എത്തുന്നവര്‍ പേര്, ബന്ധപ്പെടേണ്ട വകുപ്പ് തുടങ്ങിയ വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്ത് കൗണ്ടറില്‍ നിന്ന് ടോക്കണ്‍ എടുക്കണം. അദാലത്തിനെ സംബന്ധിച്ചുള്ള പ്രാഥമിക വിവരങ്ങളും ലഭിക്കുന്ന രേഖകളുടെ പകര്‍പ്പുകളെ കുറിച്ചുള്ള വിവരങ്ങളും ഇവിടെ നിന്ന് ലഭിക്കും. ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് ഇആധാര്‍ കൗണ്ടറില്‍ നിന്നും പുതിയ ആധാര്‍ ഡൗണ്‍ലോഡ് ചെയ്യാം. ഇആധാര്‍ പ്രിന്റ് എടുത്തതിന് ശേഷം ഡിജി ലോക്കര്‍ കൗണ്ടറില്‍ പോയി അക്കൗണ്ട് എടുക്കുന്നതോടൊപ്പം ഒരു സമ്മതപത്രം അപേക്ഷകന്‍ ഒപ്പിട്ട് നല്‍കണം. പ്രളയത്തില്‍ രേഖകള്‍ നഷ്ടമായവരുടെ വിവരങ്ങള്‍ ശേഖരിച്ചു വയ്ക്കുന്നതിനാണ് ഡിജി ലോക്കര്‍ സംവിധാനം ആരംഭിച്ചത്. ഡിജി ലോക്കറില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ അപേക്ഷകന്റെ ഫോണില്‍ തന്റെ അക്കൗണ്ടിന്റെ യൂസര്‍ നെയിമും പാസ് വേഡും അടങ്ങിയ മെസേജ് ലഭിക്കും. അദാലത്തില്‍ നിന്ന് ലഭിക്കുന്ന രേഖകള്‍ പിന്നീട് നഷ്ടപ്പെട്ടാലും അപേക്ഷകന് ഡിജി ലോക്കര്‍ അക്കൗണ്ട് ഉപയോഗിച്ച് വീണ്ടും ഈ രേഖകള്‍ ലഭ്യമാകും. അതിന് ശേഷം ഡിപ്പാര്‍ട്ട്‌മെന്റ് സര്‍ച്ച് കൗണ്ടറില്‍ പോയി അപേക്ഷകന്റെ അടിസ്ഥാന വിവരങ്ങള്‍ നല്‍കണം. അവിടെ നിന്നും വേറൊരു ടോക്കണ്‍ ലഭിക്കും. അതുമായി ഏത് വകുപ്പിന്റെ സേവനമാണ് ആവശ്യമുള്ളത്, അതാത് കൗണ്ടറുകളില്‍ ബന്ധപ്പെടാം. രേഖകളുടേയും സര്‍ട്ടിഫിക്കറ്റുകളുടേയും പകര്‍പ്പുകള്‍ ലഭ്യമായതിന് ശേഷം സമ്മതപത്രം എക്‌സിറ്റ് കൗണ്ടറില്‍ തിരിച്ച് നല്‍കണം. ഐ.ടി സെക്രട്ടറി തത്സമയം നിരീക്ഷിക്കുന്ന ഫയലില്‍ ഏതൊക്കെ വകുപ്പുകളില്‍ എത്ര അപേക്ഷകള്‍ വീതം ലഭിച്ചു, എത്ര രേഖകള്‍ നല്‍കി തുടങ്ങിയ എല്ലാ വിവരങ്ങളും സൂക്ഷിക്കും.

വിദ്യാഭ്യാസ വകുപ്പിന്റെ കൗണ്ടറില്‍ നിന്ന് എസ്എസ്എല്‍സി ബുക്കിന്റെ പകര്‍പ്പുകള്‍ മാത്രമാണ് ലഭിക്കുക. ഈ പകര്‍പ്പും keralapareekshabhavan.in എന്ന വെബ്‌സൈറ്റില്‍ നിന്ന് പ്രളയ ബാധിതര്‍ക്കുള്ള ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റിന്റെ അപേക്ഷാ ഫോം പ്രിന്റ് എടുത്ത് സ്‌കൂളില്‍ നേരിട്ട് നല്‍കിയാല്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകും. 2001 മുതലുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളാണ് അദാലത്തില്‍ നല്‍കുന്നത്. അതിന് മുന്‍പുള്ള വര്‍ഷങ്ങളിലെ സര്‍ട്ടിഫിക്കറ്റ് നഷ്ടമായവര്‍ പഠിച്ച സ്‌കൂളില്‍ അപേക്ഷയുമായി നേരിട്ട് എത്തണം. സിവില്‍ സപ്ലൈസ് വകുപ്പിന്റെ കൗണ്ടറില്‍ നിന്നും റേഷന്‍ കാര്‍ഡുകളുടെ പകര്‍പ്പും ഒറിജിനല്‍ ലഭിക്കുന്നതിനായുള്ള അപേക്ഷാ ഫോമും ലഭിക്കും. ഫോമുകള്‍ അപ്പപ്പോള്‍ തന്നെ അപേക്ഷന്റെ സഹായത്തോടെ പൂരിപ്പിച്ച് ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട സപ്ലൈ ഓഫീസുകളിലേക്ക് നല്‍കും. മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ അപേക്ഷകന് പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കും. പ്രളയ ദുരന്തം 2018 ഡ്യൂപ്ലിക്കേറ്റ് എന്ന സീല്‍ പതിച്ചാണ് പുതിയ കാര്‍ഡുകള്‍ നല്‍കുന്നത്. ലൈസന്‍സ്, ആര്‍.സി ബുക്ക് എന്നിവയുടെ പകര്‍പ്പുകളാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കൗണ്ടറില്‍ നിന്ന് ലഭിക്കുക. ഇതുമായി ബന്ധപ്പെട്ട ആര്‍.ടി ഓഫീസില്‍ ചെന്നാല്‍ പുതിയ രേഖകള്‍ ലഭിക്കും. 2018 19 വര്‍ഷത്തില്‍ കാര്‍ഡ് പുതുക്കിയവര്‍ക്കാണ് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡിന്റെ പകര്‍പ്പുകള്‍ നല്‍കുന്നത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഈ പകര്‍പ്പുമായി ചെന്നാല്‍ ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് ലഭിക്കും. രജിസ്‌ട്രേഷന്‍ വകുപ്പിന്റെ കൗണ്ടറില്‍ നിന്ന് ലഭിക്കുന്ന പകര്‍പ്പുമായി സബ് രജിസ്ട്രാര്‍ ഓഫീസില്‍ എത്തിയാല്‍ നഷ്ടപ്പെട്ട ആധാരത്തിന്റെ ഡ്യൂപ്ലിക്കേറ്റ് ലഭ്യമാകും.