കൊടുമ്പ് ഗ്രാമപഞ്ചായത്തില്‍ ശുചിത്വ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ശുചിത്വ സഭയും ശുചിത്വ ആരോഗ്യ ശില്‍പശാലയും നടത്തി. പഞ്ചായത്ത് കല്യാണമണ്ഡപത്തില്‍ നടന്ന പഞ്ചായത്ത് തല സമ്പൂര്‍ണ ശുചിത്വ സഭയില്‍ ഇതുവരെ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഇനി ശുചീകരിക്കേണ്ട സ്ഥലങ്ങള്‍, മാലിന്യങ്ങള്‍ തുടര്‍ച്ചയായി വലിച്ചെറിയപ്പെടുന്നതും കുമിഞ്ഞുകൂടുന്നതുമായ സ്ഥലങ്ങള്‍, തുടര്‍ വലിച്ചെറിയല്‍ തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, മലിനജലാശയങ്ങള്‍, ഇതുവരെ നടന്നതും തുടര്‍ന്ന് നടക്കേണ്ടതുമായ ആരോഗ്യപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച ചര്‍ച്ചകള്‍ 15 വാര്‍ഡുകളുടെയും അടിസ്ഥാനത്തില്‍ നടന്നു.

ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുക, അജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ തരം തിരിച്ച് ക്ലീന്‍ കേരള കലണ്ടര്‍ പ്രകാരം ഹരിതകര്‍മ്മ സേനയ്ക്ക് കൈമാറുക, അജൈവ മാലിന്യം വാതില്‍പ്പടി ശേഖരണം നൂറു ശതമാനം ഉറപ്പുവരുത്തുക, ഹരിതചട്ടം കൂടുതല്‍ കര്‍ശനമാക്കികൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുക, ഗൃഹസന്ദര്‍ശനം ഉള്‍പ്പെടെയുള്ള തുടര്‍ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ നിശ്ചിത സമയത്തിനകം പൂര്‍ത്തീകരിക്കുക തുടങ്ങിയവയ്ക്ക് സഭയില്‍ തീരുമാനമായി.

ശുചിത്വം ജനകീയമാക്കുന്നതിന്റെ ഭാഗമായി സന്നദ്ധപ്രവര്‍ത്തകരെയും പൊതുജനങ്ങളെയും ഉള്‍പ്പെടുത്തി പൊതുശുചീകരണം നടത്താനും തീരുമാനിച്ചു. അതത് വാര്‍ഡംഗങ്ങളുടെ നേതൃത്വത്തില്‍ വാര്‍ഡ് തല ശുചിത്വ ചര്‍ച്ചയും ശുചിത്വ പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കുകയും ചെയ്തു.
കൊടുമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ ശാന്ത അധ്യക്ഷയായ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ധനരാജ് ഉദ്ഘാടനം ചെയ്തു.

സ്ഥിരം സമിതി അധ്യക്ഷരായ എസ്. ഗുരുവായൂരപ്പന്‍, കെ. പ്രകാശിനി, സി. ശാരദ, സെക്രട്ടറി എസ്. സദാശിവന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മിനി സുദര്‍ശന്‍, വി.ഇ.ഒ ഷിന്‍സി, നോഡല്‍ ഓഫീസറും പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയുമായ എ. അജിത, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ശുചിത്വമിഷന്‍ റിസോഴ്സ് പേഴ്സണ്‍ പി.വി സഹദേവന്‍, ഹരിത കേരളം മിഷന്‍ ആര്‍.പി ബിമല്‍ ബാവ തുടങ്ങിയവര്‍ പങ്കെടുത്തു.