ഓങ്കോളജിസ്റ്റുകളടക്കം കൂടുതല്‍ ജീവനക്കാരെ നിയമിക്കും;
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇന്‍ പേഷ്യന്റ് വിഭാഗം സജ്ജമാക്കും
കൊച്ചി: കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിലെ സൗകര്യങ്ങള്‍ കൂടുതല്‍ വിപുലമാക്കുമെന്ന് സ്‌പെഷ്യല്‍ ഓഫീസറുടെ ചുമതല വഹിക്കുന്ന ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. അടിസ്ഥാന സൗകര്യവികസനത്തോടൊപ്പം ഓങ്കോളജിസ്റ്റുകളുള്‍പ്പെടെ ആവശ്യമായ കൂടുതല്‍ ജീവനക്കാരെ നിയമിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇന്‍-പേഷ്യന്റ് വിഭാഗം പ്രവര്‍ത്തനസജ്ജമാക്കും.  കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കാന്‍സര്‍ സെന്ററില്‍ ചികിത്സയ്ക്കായി എത്തിയവരുടെ എണ്ണം 350-ല്‍ നിന്ന് 660 ആയതിനെത്തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ കൊച്ചിന്‍ കാന്‍സര്‍ സെന്ററിലെ സൗകര്യങ്ങള്‍ വിപുലമാക്കുന്നത്.
20 ബെഡുകള്‍ ഉള്‍പ്പടുത്തിക്കൊണ്ട് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇന്‍-പേഷ്യന്റ് സേവനങ്ങള്‍ ആരംഭിക്കും. ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളുറപ്പാക്കാന്‍ ഇന്‍കലിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. പുതിയ സൗകര്യങ്ങളൊരുക്കുന്നതോടെ, നഴ്‌സ്, നഴ്‌സിങ് അസിസ്റ്റന്റ്, ഡയറ്റീഷ്യന്‍ എന്നീ തസ്തികകളിലേക്ക് കൂടുതല്‍ നിയമനം നടത്തും.
കളമശ്ശേരി കോഓപറേറ്റീവ് മെഡിക്കല്‍ കോളേജില്‍ കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിനായുള്ള ഓപറേഷന്‍ റൂമും അനുബന്ധ ഐസിയുവും സ്ഥിരമായി പ്രവര്‍ത്തനസജ്ജമാക്കും. സ്തനാര്‍ബുദം, ഗൈനക്കോളജിക് കാന്‍സര്‍, കഴുത്തിനെയും തലയെയും ബാധിക്കുന്ന കാന്‍സര്‍ എന്നിവയ്ക്കുള്ള ചികിത്സ കൂടുതല്‍ ഫലപ്രദമാക്കാന്‍ ഇതോടെ കഴിയും. സ്‌പെഷ്യലൈസ്ഡ് അനസ്‌തേഷേ്യാളജിസ്റ്റ്, ഓപറേഷന്‍ റൂം ടെക്‌നീഷ്യന്‍മാര്‍, നഴ്‌സുമാര്‍ എന്നീ തസ്തികകളിലേക്ക് ഇതിനായി നിയമനം നടത്തും.
നിലവിലുള്ള കാന്‍സര്‍ സ്‌പെഷ്യലിസ്റ്റുമാര്‍ക്കു പുറമെ മെഡിക്കല്‍ ഓങ്കോളജിസ്റ്റ്, ഹെര്‍മറ്റോളജിസ്റ്റ്, സ്‌പെഷ്യലൈസ്ഡ് സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് എന്നിവരെയും നിയമിക്കും.
മാമോഗ്രാം, അള്‍ട്രാ സൗണ്ട് തുടങ്ങിയ സംവിധാനം പൂര്‍ണ സജ്ജമാക്കുകയും ട്യൂമര്‍ മാര്‍ക്കര്‍ അനാലിസിസ് സംവിധാനത്തോടു കൂടിയ ലബോറട്ടറി സൗകര്യം ഉറപ്പാക്കുകയും ചെയ്യുന്നതോടെ കാന്‍സര്‍ രോഗ നിര്‍ണയ സൗകര്യങ്ങള്‍ വിപുലപ്പെടുത്താനാകും. ആവശ്യമായ കാന്‍സര്‍ സ്‌പെഷ്യലൈസ്ഡ് പത്തോളജിസ്റ്റ് , ബയോ കെമിസ്റ്റ്, ലബോറട്ടറി ജീവനക്കാര്‍ എന്നിവരെയും  നിയമിക്കും.
 സ്പീച്ച് ആന്റ് സ്വാളോയിങ് ക്‌ളിനിക്, ലിംഫോഡീമ ക്‌ളിനിക് എന്നിവ സജ്ജീകരിക്കുകയും ഇതിനാവശ്യമായ സ്‌പെഷ്യലിസ്റ്റുകളെ നിയമിക്കുകയും ചെയ്യും.
ഇന്റഗ്രേറ്റഡ് ഹോം കെയര്‍ സേവനത്തോടു കൂടിയ പെയിന്‍ ആന്റ് പാലിയേറ്റീവ് സേവനവും കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ നേതൃത്വത്തില്‍  നടപ്പാക്കുന്നുണ്ട്.  ഇതിനാവശ്യമായ സ്‌പെഷ്യലിസ്റ്റുകളെയും ഉടന്‍ നിയമിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കാന്‍സര്‍ സെന്ററിന് സമീപമുള്ള പ്രദേശങ്ങളിലെ കാന്‍സര്‍ രോഗികളുടെ ഗൃഹസന്ദര്‍ശനം നടത്തി വേണ്ട ചികിത്സാ രീതികള്‍ ഉറപ്പാക്കുന്നതാണ് ഇന്റഗ്രേറ്റഡ് ഹോം കെയര്‍ സേവനം. കാരുണ്യവര്‍ഷം എന്ന സന്നദ്ധ സംഘടനയും കാന്‍സര്‍ സെന്റര്‍ ജീവനക്കാരും ചേര്‍ന്ന് നടത്തുന്ന ഈ ഗൃഹസന്ദര്‍ശനത്തില്‍ രോഗികളുടെ അവസ്ഥ നേരില്‍ കണ്ടു മനസ്സിലാക്കുന്നതിനും ഉടനടി ഡോക്ടറുമായി ബന്ധപ്പെട്ട് ചികിത്സാരീതികളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിനും കഴിയും.
കാന്‍സര്‍ ചികിത്സാ സൗകര്യമൊരുക്കുന്നതോടൊപ്പം തന്നെ ആരംഭദശയില്‍ തന്നെ അര്‍ബുദരോഗനിര്‍ണയത്തിനും കാന്‍സറിനെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിനുമായി സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ പരിപാടികള്‍ നടപ്പാക്കും. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ക്ക് കാന്‍സറിനെക്കുറിച്ച് മതിയായ പരിശീലനം നല്കും. കൊച്ചിന്‍ കാന്‍സര്‍ സെന്ററുമായി പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ ഡിജിറ്റല്‍ കണക്ടിവിറ്റി ഉറപ്പാക്കുന്നതോടെ സംശയദൂരീകരണത്തിനും ആരംഭദശയില്‍ തന്നെ രോഗനിര്‍ണയത്തിനും കൂടുതല്‍ എളുപ്പമാവും.
ഏകദേശം രണ്ടു ലക്ഷം പേരാണ് കാന്‍സര്‍ രോഗത്തിനടിമകളായി സംസ്ഥാനത്തുള്ളത്. പലപ്പോഴും രോഗം വര്‍ദ്ധിച്ച ശേഷമാണ് രോഗനിര്‍ണയം നടക്കാറുള്ളത്. ആരംഭദശയില്‍ തന്നെ രോഗം നിര്‍ണയിക്കുന്നതിനുള്ള കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ ഇത്തരം നടപടികള്‍ ഈ പ്രശ്‌നം പരിഹരിക്കാനുതകും, ജില്ലാ കളക്ടര്‍ പറഞ്ഞു.