മാവേലിക്കര മണ്ഡലത്തിൽ നിന്നുള്ള തുക മന്ത്രി ജി. സുധാകരൻ ഏറ്റുവാങ്ങി
മാവേലിക്കര : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള മാവേലിക്കര മണ്ഡലത്തിലെ തുക സമാഹരണം വിജയകരമായി പൂർത്തിയായി. മാവേലിക്കരയിൽ 1,82,04,744 രൂപയാണ് സമാഹരണത്തിൽ ലഭിച്ചതെന്ന് മാവേലിക്കര തഹസിൽദാർ എസ്.സന്തോഷ് കുമാർ അറിയിച്ചു. മന്ത്രി ജി. സുധാകരനാണ് തുക ഏറ്റുവാങ്ങിയത്.
മാവേലിക്കര മണ്ഡലത്തിലെ മാവേലിക്കര, ഭരണിക്കാവ് ബ്ലോക്കുകൾ കേന്ദ്രീകരിച്ചായിരുന്നു തുക സമാഹരണം. മാവേലിക്കര നഗരസഭ, തെക്കേക്കര, തഴക്കര പഞ്ചായത്തുകൾ, ഭരണിക്കാവിൽ ചുനക്കര, താമരക്കുളം, പാലമേൽ, വള്ളികുന്നം, ഭരണിക്കാവ് പഞ്ചായത്തുകൾ എന്നിവടങ്ങളിൽനിന്നുമുള്ള തുകയുമാണ ് ദുരിതാശ്വാസ നിധിയിലേക്ക് ഏറ്റുവാങ്ങിയത്.
മാവേലിക്കര നഗരസഭ ഹാളിൽ ചേർന്ന യോഗത്തിൽ ആർ. രാജേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലയിലെ ആദ്യത്തെ ദുരിതാശ്വാസ നിധി ശേഖരണമായിരുന്നു മാവേലിക്കരയിൽ നടന്നത.് ഈ പ്രദേശങ്ങളിലെ ചെറുതും വലുതുമായ നിരവധി സ്ഥാപനങ്ങൾ, വിവിധ സാംസ്‌ക്കാരിക- സാമൂഹ്യ സംഘടനകൾ, റസിഡൻസ് അസോസിയേഷനുകൾ,അധ്യാത്മിക സംഘടന പ്രസ്ഥാനങ്ങൾ, യുവജന സംഘടനകൾ, വനിതാ കൂട്ടായ്മകൾ, തൊഴിലുറപ്പ് തൊഴിലാളികൾ , കുടുംബശ്രീ യൂണിറ്റുകൾ , വിവിധ മത സംഘടനകൾ തുടങ്ങിയവയെ പ്രതിനിധീകരിച്ചുള്ളവരും വ്യക്തികളും സംഭാവന നൽകാനെത്തി. ഭക്ഷ്യ-സിവിൾ സപ്ലൈസ് വകുപ്പ് മന്ത്രി പി . തിലോത്തമൻ , ജില്ലാ കളക്ടർ പത്മകുമാർ, ടാക്സ് കമ്മീഷണർ പി. വേണുഗോപാൽ, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ രഘുപ്രസാദ്, നഗരസഭാ ചെയർപേഴ്സൺ ലീലാ അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു.