ആലപ്പുഴ: ജില്ലയിലെ കോളജുകളിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശേഖരിച്ച തുക കായംകുളം എം.എസ്.എം കോളജിൽ നടന്ന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ ഏറ്റുവാങ്ങി. ഭക്ഷ്യമന്ത്രി പി. തിലോത്തമന്റെ സാന്നിധ്യത്തിൽ ആയിരുന്നു ധനസമാഹരണ പരിപാടി. കേരള സർവകലാശാലയുടെ കീഴിൽ ജില്ലയിലെ കോളജുകളിൽ നിന്ന് സമാഹരിച്ച തുകയാണ് കൈമാറിയത്. കായംകുളം എം.എൽ.എ യു.പ്രതിഭ അധ്യക്ഷത വഹിച്ചു.
സ്പെഷ്യൽ ഓഫീസർ പി.വേണുഗോപാൽ, ജില്ല കളക്ടറുടെ ചുമതലയുള്ള എൻ. പദ്മകുമാർ, സർവകലാശാല സിൻഡിക്കേറ്റ് അംഗം കെ.എച്ച്. ബാബുജൻ, എം.എസ്.എം കോളജ് മാനേജർ പി.എ.ഹിലാൽ ബാബു, പ്രിൻസിപ്പൽ ഡോ. ആമിന, കോളജിയേറ്റ് എഡ്യൂക്കേഷൻ ഡപ്യൂട്ടി ഡയറക്ടർ ഇൻ ചാർജ് ഗോപകുമാർ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. 11,12 തീയതികളിലായി കോളജ് വിദ്യാർഥികളിൽ നിന്ന് ധനസമാഹരണം നടത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം പ്രിൻസിപ്പൽമാരുടെ യോഗം തീരുമാനിക്കുകയായിരുന്നു.