ലോകശ്രദ്ധ ആകര്‍ഷിക്കുന്ന കേരളത്തിന്റെ വികസനമാതൃകകളുടെ കൂട്ടത്തില്‍ പുതിയൊരു അധ്യായം കൂടി അതിദാരിദ്ര്യനിര്‍മാര്‍ജന പദ്ധതി എഴുതിച്ചേര്‍ക്കുകയാണെന്ന് തദ്ദേശസ്വയംഭരണവും എക്‌സൈസും വകുപ്പ് മന്ത്രി എം.ബി രാജേഷ്. അതിദാരിദ്ര്യ നിര്‍മാര്‍ജനം മൈക്രോപ്ലാന്‍ രൂപീകരണത്തിന്റേയും അവകാശം അതിവേഗം പദ്ധതിയുടെ പൂര്‍ത്തീകരണത്തിന്റെയും സംസ്ഥാനതല പ്രഖ്യാപന ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

ഒന്നാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയപ്പോള്‍ തന്നെ കേരളത്തെ ദാരിദ്ര്യമുക്തമാക്കുകയെന്ന വലിയ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഭരണത്തുടര്‍ച്ച നേടി രണ്ടാം പിണറായി സര്‍ക്കാര്‍ എത്തിയപ്പോഴും സര്‍ക്കാരിന്റെ ഒന്നാമത്തെ മുന്‍ഗണനാവിഷയമായി ഏറ്റെടുത്തതും അതിദാരിദ്ര്യ നിര്‍മാര്‍ജനം നടത്തുക എന്നതായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷ വേളയില്‍ പദ്ധതി മികച്ച രീതിയില്‍ പൂര്‍ത്തിയാക്കുകയാണ്. പ്രകടനപത്രികയില്‍ ചൂണ്ടിക്കാണിച്ച തീരുമാനമായിരുന്നു ഈ പദ്ധതി.

മറ്റൊരു സംസ്ഥാനത്തും നടപ്പിലാക്കാത്ത ഒരു പദ്ധതിയായി കേരളത്തിന്റെ ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കപ്പെടും. ചിട്ടയായ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് ഇത് സാധ്യമായത്. അതിനായി കുടുംബശ്രീയുടെ സഹായത്തോടെ ആദ്യം സര്‍വേ സംഘടിപ്പിച്ചു. ഓരോ കുടുംബങ്ങളുടേയും പ്രശ്‌നങ്ങളും ആവശ്യങ്ങളും മനസിലാക്കി മൈക്രോപ്ലാനുകള്‍ രൂപീകരിച്ചു. അതിദരിദ്ര്യരായി കണ്ടെത്തിയ ആളുകള്‍ക്ക് ആദ്യം അവകാശരേഖകള്‍ നല്‍കുകയെന്ന വലിയ ലക്ഷ്യമായിരുന്നു മുന്നിലുണ്ടായിരുന്നത്. റേഷന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, തൊഴില്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിങ്ങനെയുള്ള അവകാശരേഖകള്‍ ലഭ്യമാക്കി.

കുടുംബശ്രീ കണ്ടെത്തിയ പട്ടികയിലെ അതിദരിദ്രരുടെ എണ്ണവും നീതി ആയോഗിന്റെ സര്‍വേയില്‍ കണ്ടെത്തിയ കേരളത്തിലെ അതിദരിദ്രരുടെ എണ്ണവും ഒരേ സംഖ്യയായിരുന്നു. ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമായി നീതി ആയോഗ് കണ്ടെത്തിയതും കേരളത്തെയായിരുന്നു. ഇത് കേരളത്തിലെ വികസനക്ഷേമ നയങ്ങളുടെ നേട്ടമാണ്. അവശേഷിക്കുന്ന അതിദരിദ്രര്‍ക്ക് കൂടി മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ ഒരുക്കി ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനം എന്നതില്‍ നിന്ന് ദാരിദ്രരഹിത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം.

തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് ഇതുവരെ നടത്തിയതും. ഇനി മുന്നോട്ടും സമയബന്ധിതമായ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് അന്തസാര്‍ന്ന ജീവിത നിലവാരത്തിലേക്ക് അതിദരിദ്രരുടെ പട്ടികയിലുള്ളവരേയും ഉയര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.