സമൂഹത്തിന്റെ സമസ്ത മേഖലകളിലും വികസനം സാധ്യമാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണ പ്രസ്ഥാനങ്ങളുടെയും കൂട്ടായ പ്രവർത്തനങ്ങൾക്ക് കഴിയുമെന്ന് കേരള ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി. കെ. രാമചന്ദ്രൻ പറഞ്ഞു. സഹകരണ – തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കൂട്ടായ്മ -പ്രാദേശിക സാമ്പത്തിക വികസനത്തിന് എന്ന വിഷയത്തിൽ സഹകരണ എക്സ്പോ വേദിയിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ- സഹകരണ സ്ഥാപനങ്ങളുടെ സംയോജിത പ്രവർത്തനങ്ങളിലൂടെ ഒട്ടനവധി വികസന പദ്ധതികൾ നടപ്പിലാക്കാനാകുമെന്നും അതുവഴി കേരളം വളരുമെന്നും അദ്ദേഹം പറഞ്ഞു.
കില ഡയറക്ടർ ഡോ. ജോയ് ഇളമൺ പ്രബന്ധം അവതരിപ്പിച്ചു. വികസന പദ്ധതികളുടെ ആസൂത്രണം, നിർവ്വഹണം, മേൽനോട്ടം തുടങ്ങിയ എല്ലാ തലങ്ങളിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കൊപ്പം സഹകരണ സ്ഥാപനങ്ങളും പ്രവർത്തിച്ചാലെ സുസ്ഥിര വികസനം സാധ്യമാകൂ. സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യം വച്ചുകൊണ്ടുള്ള ഓരോ പദ്ധതികളും സംയുക്ത അടിസ്ഥാനത്തിൽ തയ്യാറാക്കണം. വരുമാനം വർദ്ധിപ്പിക്കാനായി സഹകരണ മേഖലയെ കാര്യക്ഷമമായി ഉപയോഗിക്കാൻ കഴിയണം. സമൂഹത്തിന്റെ താഴെ തട്ടിലുള്ളവർക്ക് കൂടി മെച്ചപ്പെട്ട ജീവിത നിലവാരം പ്രാപ്തമാകുമ്പോഴേ യഥാർത്ഥ വികസനം സാധ്യമാകൂ എന്നും അതിനുള്ള സാഹചര്യം ഒരുക്കാൻ സഹകരണ സംഘങ്ങൾക്കാവുമെന്നും അദ്ദേഹം പറഞ്ഞു.
സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തിന്റെ നിശ്ചിത വിഹിതം സഹകരണ സംഘങ്ങളുമായി ചേർന്നുള്ള സംയുക്ത വികസന പദ്ധതികൾക്കായി ഉപയോഗിക്കുന്നത് സാമ്പത്തിക വികസനത്തിനു അനിവാര്യമെണെന്ന് അധ്യക്ഷ പ്രസംഗത്തിൽ വി. കെ. പ്രശാന്ത് എം. എൽ. എ.പറഞ്ഞു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, പീപ്പിൾസ് പ്ലാൻ സെൽ എസ്.ആർ.ജി. എസ്. ജമാൽ, എം. വി. ആർ. കാൻസർ സെന്റർ ചെയർമാൻ സി. എൻ. വിജയകൃഷ്ണൻ, ദിനേശ് ഫുഡ്സ് ചെയർമാൻ ദിനേശ് ബാബു, അഡിഷണൽ രജിസ്ട്രാർ സി ആർ ജ്യോതിപ്രസാദ് , ഇടുക്കി ജോയിന്റ് രജിസ്ട്രാർ ജോസ്സാൽ ഫ്രാൻസിസ്
തുടങ്ങിയവർ പങ്കെടുത്തു.