പരിയാരത്തെ കണ്ണൂർ ഗവ. ആയുർവേദ മെഡിക്കൽ കോളജിൽ ആയുർവേദ മാനസികാരോഗ്യ കേന്ദ്രം തുടങ്ങുമെന്ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ ഐ പി ബ്ലോക്കിന് മുകളിൽ പുതുതായി നിർമ്മിച്ച പേ വാർഡിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

നിലവിൽ കേരളത്തിൽ, ആയുർവേദ മാനസികാരോഗ്യ ചികിത്സക്കായി കോട്ടക്കൽ ആയുർവേദ മാനസികാരോഗ്യ കേന്ദ്രം മാത്രമാണുള്ളത്.
കേരളത്തെ ഹെൽത്ത് ഹബ് ആക്കുന്നതിനായി ആയുർവേദ മേഖലയെ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾക്ക് സർക്കാർ മുൻതൂക്കം നൽകും. ആയുഷിന്റെ കീഴിലുള്ള 520 ആയുർവേദ കേന്ദ്രങ്ങൾ ഹെൽത്ത് ആൻഡ് വെൽനെസ് സെൻററുകൾ ആക്കി ഉയർത്തും. ആയുർവേദ കോളേജിൽ ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള യു ജി അക്കാദമിക് ബ്ലോക്ക് നിർമ്മിക്കാനുള്ള ആവശ്യം പരിഗണിച്ച് അതിന് വേണ്ട നടപടികൾ ഉടൻ തന്നെ ആരംഭിക്കും.

നാഷണൽ ആയുഷ് മിഷന്റെ 1.92 കോടി രൂപ ചെലവഴിച്ചാണ് പേവാർഡ് നിർമ്മിച്ചത്. അറ്റാച്ച്ഡ് ബാത് റൂം സൗകര്യത്തോടു കൂടിയ 21 മുറികളും, ഒരു വി ഐ പി മുറിയും രണ്ട് തെറാപ്പി മുറികളും ഒരു ഡോക്ടറുടെ മുറിയും രണ്ട് നഴ്‌സസുമാരുടെ മുറികളുമാണ് കെട്ടിടത്തിൽ ഒരുക്കിയിട്ടുള്ളത്.
എം വിജിൻ എംഎൽഎ അധ്യക്ഷനായി. കെ സി സി പി എൽ ചെയർമാൻ ടിവി രാജേഷ്, കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുലജ ടി, ജില്ലാ പഞ്ചായത്തംഗം തമ്പാൻ മാസ്റ്റർ, തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്തംഗം സി ഐ വത്സല ടീച്ചർ, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഷാജി തയ്യിൽ, ആയുർവേദ കോളേജ് സൂപ്രണ്ട് ഡോ. ഗോപകുമാർ എസ്, പ്രിൻസിപ്പൽ ഡോ. സിന്ധു സി, ആശുപത്രി വികസന സൊസൈറ്റി അംഗം സന്തോഷ് സി ബി കെ തുടങ്ങിയവർ പങ്കെടുത്തു. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഹരികൃഷ്ണൻ തിരുമംഗലത്തിനെ ചടങ്ങിൽ ആദരിച്ചു.