മണ്ണിന്റെ മണമുള്ള പാട്ടുകളുമായി മുണ്ടേരി ഉണര്‍വ്വിന്റെ താരങ്ങളാണ് സദസ്സിനെ നാടന്‍ ശീലുകളില്‍ ആറാടിച്ചത്. കലാഭവന്‍ മണിയുടെ ജനപ്രിയ നാടന്‍ പാട്ടുകളും സ്വന്തം പാട്ടുകളും ഇടകലര്‍ത്തിയതോടെ നാടന്‍ കലാസന്ധ്യയ്ക്ക് സദസ്സ് താളം പിടിക്കാനും തുടങ്ങി. വള്ളുവനാടിന്റെ തനത് ജീവിത പരിസരങ്ങളില്‍ നിന്നും ആചാര പെരുമയുടെ പുതിയ കാലത്തിലേക്ക് നടന്നെത്തിയ വട്ട മുടിയെന്ന കലാരൂപവും ദൃശ്യാവിഷ്‌ക്കാരത്തിന് ചാരുതയേകി. വട്ട കിരീടവും ചുവപ്പ് കറുപ്പും ഇടകലര്‍ന്ന പട്ടുതുണിയുടുത്തും അസുര ചെണ്ടയുടെ താളത്തില്‍ വള്ളുവനാടന്‍ ദൈവിക കലാരൂപങ്ങള്‍ വേദിയില്‍ നിറഞ്ഞാടി.
കേരളക്കരയിലെ മണ്‍മറഞ്ഞു പോകുന്ന ആചാര പെരുമകളെയും തപ്പ് താളങ്ങളെയും കോര്‍ത്തിണക്കി ഇരുപതോളം കലാകാരന്‍മാര്‍ അണിനിരത്തിയ ദൃശ്യ കലാവിരുന്നില്‍ അരങ്ങും വേറിട്ടതായി. കലം പൂജയില്‍ തുടങ്ങി ഗോത്ര ജീവിതക്കാഴ്ചകളില്‍ നിന്നും അടര്‍ത്തിയെടുത്ത പാട്ടുകളിലൂടെ കേരളക്കരകളിലൂടെയുള്ള പാടി പതിഞ്ഞ പാട്ടുകളും ദൃശ്യ താള ലയമായിരുന്നു. കരിങ്കാളിക്കഥയുടെ പുനരാവിഷ്‌കാരവും പാട്ടിന്റെയും ചുവുടുകളുടെയും താളത്തില്‍ സദസ്സിന് പുതുമയുള്ള അനുഭവമായി. പരുന്തുകളി, മുടിയാട്ടം, അലാമിക്കളി, മംഗലംകളി തുടങ്ങിയ സാംസ്‌കാരിക കേരളത്തിന്റെ അണിയറയിലേക്ക് ചുരുങ്ങിപ്പോയ നാടന്‍കലയുടെ പുനരാവിഷ്‌കാരവും ഉണര്‍വ്വ് നാടന്‍ പാട്ടുകളും ദൃശ്യാവിരുന്നിന് ചാരുതയേകി. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് വൈവിധ്യങ്ങളായ പരിപാടികളാണ് വേദിയില്‍ ദിവസേന ഒരുക്കിയിരിക്കുന്നത്. നാടന്‍കലകള്‍ക്കും ഒരു പോലെ പ്രാധാന്യം നല്‍കിയുള്ള വേദിയില്‍ സദസ്സിനെ ഉത്സ തിമിർപ്പിൽ കോരിത്തരിപ്പിക്കാൻ കലാ ആസ്വാദകരും ഒഴുകിയെത്തിയിരുന്നു.